Powered By Blogger

Wednesday, 28 April 2010

ഹര്‍ത്താല്‍ മലയാളിയുടെ ദേശീയ ആഘോഷം !


ഹര്‍ത്താല്‍   മലയാളിയുടെ ദേശീയ ആഘോഷം ! 

"മാവേലി നാട് വാണിടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ .കള്ളവുമില്ല ചതിവുമില്ല എള്ലോളമില്ലാ പൊളിവചനം.
കള്ളപ്പറയും ,ചെറുനാഴിയും ,കള്ളത്തരങ്ങളൊട്ടില്ല  താനും',ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാര്‍ക്കൊട്ടില്ല താനും !! "
pukkalam-onam-image-3.jpg
എത്ര സമത്വ സുന്ദരമായ കേരളീയ ഭാവന .ഇത് ഐതിഹ്യമോ ,സങ്കല്‍പ്പമോ ,സ്വപന്മോ ,യാഥാര്‍ത്യമോ ഏതുമാകട്ടെ 
സക്ഷാല്‍ക്കരിക്കപെടേണ്ട  സ്വപ്നമാണ് . 
 നാം പാഠപുസ്തകങ്ങളിലൂടെ പഠിക്കുന്ന അസുര ചക്രവര്‍ത്തിയായ   മാവേലിയെ അവര്‍ണനും ,നല്ലവനായ   മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ വാമനനെ  സവര്‍ണനും ആയി ചിത്രീകരിക്കുന്ന  വര്‍ഗീയ കോമരങ്ങള്‍  ഉറഞ്ഞു തുള്ളുമ്പോളും' നാട്ടിലെ ഹിന്ദുവും, ക്രിസ്ത്യനും ,മുസല്‍മാനും ജാതി വ്യവസ്ഥകളിലെ വേര്‍തിരിവുകള്‍ നോക്കാതെ ആഘോഷിക്കുന്ന ,  ദേശീയ ഉത്സവം ഈ അസുര ചക്രവര്‍ത്തിയുടെ സമ്പന്നമായ ഓര്‍മ്മകള്‍ പേറുന്ന ഓണമാണ് .
maveli.gif maveli picture by vmsajan 

കാലം മാറി . ചിലവഴിക്കാന്‍ 'ഒഴിവു സമയങ്ങള്‍ ഇല്ലാത്തവരും'  ,ജാതിയുടെയും ,മതത്തിന്‍റെ യും ,രാഷ്ട്രീയ നിലപാടുകളുടെയും പേരില്‍ തമ്മില്‍ തല്ലുകയും  ,കുതികാല്‍ വെട്ടുനടത്തുകയും ചെയ്യുന്നവര്‍ക്ക്  സിന്ദാബാദ് വിളിക്കുകയും ചെയ്യുന്ന മലയാളിക്ക്, സര്‍വം മറന്നു കൂട്ടായി ആഘോഷിക്കാന്‍  ഇന്ന് ദേശീയ ഉത്സവങ്ങളുടെ ഘോഷയാത്രകള്‍ ലഭിക്കുന്നു . പക്ഷെ ഈ ഉത്സവങ്ങളില്‍ പൂവിട്ടു പൂജിക്കാന്‍ ബിംബകല്‍പനകളൊ  പ്രത്യയ ശാസ്ത്ര നിലപാടുകളോ ഇല്ല .മഴ പെയ്യുന്നതുപോലെയോ ഇടിവാള്‍ മിന്നുന്നതുപോലെയോ  നിനച്ചിരിക്കാത്ത    നേരങ്ങളില്‍ ജനാധിപത്യത്തി ന്‍റെ കാവല്‍ക്കാര്‍ക്ക് ഉണ്ടാകുന്ന വെളിപാടുകള്‍ക്കനുസരിച്ചു ഈ ഉത്സവം എപ്പോള്‍ വേണമെങ്കിലും അവതരിക്കാം .ഇതിന്‍റെ പ്രഖ്യാപനത്തിലും നടത്തിപ്പിലും മുന്നണി,കക്ഷി  ഭേദങ്ങളില്ല ,ഇതില്‍ എല്ലാവരും ഒരൊറ്റ മുന്നണിയാണ്.ഈ ജനകീയ മഹോത്സവത്തിന്‍റെ പേരത്രേ ഹര്‍ത്താല്‍ .രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ  ശ്രീകോവിലുകളായ പരമോന്നത നീതി പീഠങ്ങളുടെ ബന്ദുകള്‍ക്കെതിരെയുള്ള  കോടതിവിധികളെ  പോലും പരസ്യമായി വെല്ലുവിളിക്കുന്ന സമരാഭാസമാണ് ഈ ഹര്‍ത്താലുകള്‍ .
ഈ സമരാഭാസത്തില്‍ പൊരുതി മുട്ടി  ജനങ്ങളുടെ  ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന പതിവ് പല്ലവി എഴുതി മടുത്ത കോടതിക്ക്  ഒരു   ഘട്ടത്തില്‍  ഇങ്ങിനെ പ്രസ്താവിക്കേണ്ടി വന്നു 'ദൈവത്തി ന്‍റെ സ്വന്തം നാടിനെ ഹര്‍ത്താലെന്ന  ഈ സമരാഭാസത്തില്‍ നിന്നും രക്ഷിക്കാന്‍ ദൈവം തന്നെ നേരിട്ട് അവതരിച്ചാലും രക്ഷയില്ല '.അത്ര മേല്‍ ,ഗതികെട്ട മലയാളി ഹര്‍ത്താലിനെ പ്രണയിക്കുന്നു .
                                

ഹര്‍ത്താല്‍  എന്നത് ഗുജറാത്തി പദമാണ്‌ 'ഹര്‍'  എന്നാല്‍  എല്ലാം അഥവാ എല്ലായ്പ്പോഴും എന്നും 'താല്‍'  എന്നാല്‍  പൂട്ട് എന്നുമാണര്‍ത്ഥങ്ങള്‍. അതായത് എല്ലാം അടച്ചിടുകയെന്നോ എല്ലായ്പോഴും അടച്ചിടുക എന്നോ ഒക്കെയാണ് ഹര്‍ ത്താലിന്‍റെ  അര്‍ത്ഥം.
ഹര്‍ത്താലുകാരേ നിങ്ങള്‍ തുലഞ്ഞുപോകട്ടെ !

സ്വാതന്ത്ര്യ  സമരത്തെ  തള്ളി പറഞ്ഞവരും ഒറ്റികൊടുത്തവരും വരെ  യോജിക്കുന്ന ഒരേഒരു സമരമുറ പ്രതിഷേധ സമരമുരകളുടെ അവസാന ആയുധമായ ഹര്‍ത്താലാണ് .ഏത് ഈര്‍ക്കില്‍  പാര്‍ട്ടിയുടെ നേതാക്കള്‍ക്കും ശീതീകരിച്ച ചില്ല്മേടകളിലിരുന്നു  മൂന്നു അണികളുടെ പോലും പിന്തുണയില്ലാതെ  ഒരു ആഹ്വാനത്തിലൂടെ   വിജയിപ്പിക്കാവുന്ന ഒരു സമര മുറയായി ഹര്‍ത്താല്‍ അധപതിച്ചിട്ടും,തങ്ങളെ  തിരഞ്ഞെടുത്ത, കഴുതകളായ ജനങ്ങളെ പുച്ചിച്ച് കൊണ്ട് ഭരണ പക്ഷ സര്‍ക്കാരുകള്‍ പോലും ഇന്ന് കേരളത്തില്‍ ഹര്‍ത്താലുകള്‍ നടത്തുന്നു .വമ്പിച്ച ജനകീയാടിത്തറകളുള്ള  ഈ പ്രസ്ഥാനങ്ങള്‍ക്ക്‌  ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ , നടത്തുന്നവര്‍ക്ക് ലളിതവും,  ദുരിതം അനുഭവിക്കുന്നവര്‍ക്ക് അതി കഠിനവുമായ  സമരമുറയായ  ഹര്‍ത്തല്ലാതെ മറ്റു ജനകീയ സമര മുറകള്‍ നടത്തി വിജയിപ്പിക്കുവാനുള്ള ത്രാണിയില്ലേ?
Hartal:Hartal Coverage: Burning ... Hartal:Muslim_Hartal_2.jpg
ഹര്‍ത്താലാഹ്വനങ്ങള്‍ക്ക് ഏവരും പറയുന്ന ന്യായം ഇത് തികച്ചും ഗാന്ധീയമായ സമരമുറ എന്നാണ് ..
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര കാലത്ത് ഗാന്ധിജിയാണ്  ഹര്‍ത്താല്‍  പരിചയപ്പെടുത്തിയത്  എന്നത് ശരിയായിരിക്കാം . അദ്ദേഹത്തിന്‍റെ  നേതൃത്വത്തില്‍‍       ജനങ്ങള്‍ എല്ലാ വ്യാപാരാവശ്യങ്ങളില്‍ നിന്നും മറ്റും ഒരു ദിവസം വിട്ടുനിന്ന് പ്രാര്‍ ത്ഥനയും വൃതവും സ്വീകരച്ച് ഹര്‍ ത്താലില്‍  പങ്കെടുക്കുമായിരുന്നു . എന്നാല്‍   പ്രാര്‍ ത്ഥനയും നിരാഹാരവും ഹര്‍ത്താലിന്‍റെ  ഭാഗമാവണമെന്നില്ല ,അതെ നിലയില്‍ തന്നെ അക്രമങ്ങളും കൊള്ളിവെയ്പ്പുകളും'. പ്രതിഷേധമായോ,ദുഃഖസൂചകമായോ കടകളും,വ്യാപാരസ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും അടച്ചിടുന്നതിനെയാണ് സാങ്കേതികാര്‍ത്ഥത്തില്‍  ഹര്‍ത്താല്‍ എന്ന്  പറയുന്നത്. ഹര്‍ത്താല്‍  ബന്ദു പോലെ നിര്‍ ബന്ധപൂര്‍ വ്വമായ ഒരു സമര പരിപാടിയാണ്. ജനങ്ങള്‍ അതില്‍ സ്വമേധയാ പങ്കെടുക്കുകയല്ല, മറിച്ച് ഭയം മൂലം അതിന്‌ നിര്‍ബന്ധിതമാവുകയാണ്‌ ചെയ്യുന്നത്. അതിനാല്‍  അവ ഭരണഘടനാപരമാണ്‌ എന്ന് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത് വെറും സാങ്കേതികം മാത്രമാണ്‌. ഇന്ന് രാഷ്ട്രീയപാര്‍ ട്ടികള്‍ അവര്‍  ആഹ്വാനം ചെയ്ത ഹര്‍ ത്താല്‍  പൂര്‍ണ്ണമാവാനായി നിര്‍ബന്ധമായും ജനങ്ങളെ അതില്‍ പങ്കെടുപ്പിക്കുന്നു. വിലക്കയറ്റത്തിനെതിരില്‍ കേന്ദ്രത്തിനെതിരെ ,ഒരു സര്‍ക്കാര്‍ സ്പോണ്‍സേഡു  ജനകീയ ഹര്‍ത്താല്‍' ,ഭരണ കക്ഷിക്ക് ഭീതി കൊണ്ടും നിസ്സംഗത കൊണ്ടും പുറത്തിറങ്ങാത്ത കേരളീയന്‍റെ  ക്ഷമയെ ഇനിയും ഇങ്ങനെ പരീക്ഷിച്ചു മതിയായില്ലേ ? 
വിലകയറ്റം ഒരു ആഗോള പ്രതിഭാസമാണ് .പണ്ട് ട്രാക്ക്റ്ററിനേയും ,കംബ്യൂട്ടറിനെയും എതിര്‍ത്തവര്‍, നാട്ടില്‍ എന്ത് വികസനം വന്നാലും അതിനെതിരെ ചെങ്കൊടി ഏന്തുന്നവര്‍,പിന്നീട്‌ പറ്റിയ തെറ്റ് തിരുത്തുമെങ്കിലും , അവര്‍ക്ക് വിലകയറ്റത്തെ കുറിച്ച് വിലപിക്കാന്‍ എന്ത് ധാര്‍മിക അവകാശം .നമ്മള്  കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ  എന്ന് പാടി ഈ വയലേലകളെല്ലാം സ്വതന്ത്രമാക്കി ,തൊഴിലാളികളെ ലഭിക്കാതെ കൊയ്ത്തു മെതി യന്ത്രങ്ങളെ ആശ്രയിക്കുന്ന സാധാരണ കര്‍ഷകനില്‍ നിന്നും നോക്കുക്കൂലി വാങ്ങിയും ,ഭീഷണികള്‍ക്ക് വഴങ്ങാത്തവരുടെ വിളവുകള്‍ കൊയ്യാന്‍ അനുവദിക്കാതെ വയലുകളില്‍ ഇട്ടു കിളിര്‍പ്പിച്ചപ്പോളും,ഗത്യന്തരമില്ലാതെ  മറ്റു കാര്‍ഷിക വിളകളിലേക്ക് തിരിഞ്ഞവരുടെ വിളകള്‍ വെട്ടി നിരത്തിയപ്പോളും , ഓര്‍ത്തില്ലേ വരാനിരിക്കുന്ന ദുര്‍വിധി .ഇന്ന് തമിഴ് നാട് അതിര്‍ത്തി ഒന്ന് അടച്ചാല്‍ അരി ആഹാരം അല്ലാതെ യാതൊന്നും ഇറങ്ങാത്ത മലയാളിയുടെ കഞ്ഞികുടി മുട്ടും.




 കൂടിയ 
വില 
 കുറയ്ക്കുകയോ, ഉയര്‍ത്തിയ ആവശ്യങ്ങള്‍ നേടി എടുക്കുകയോ ചെയ്ത ഒരു ചരിത്രവും ഇത് വരെ രേഖപെടുത്തപെട്ടിട്ടില്ലാത്ത   ഹര്‍ത്താല്‍ എന്ന ആഭാസ നാടകത്തിന്‍റെ പുനരവതരണം   കൊണ്ട് ജനങ്ങള്‍ക്കെന്തു ഗുണം ഉണ്ടായി ? .ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കിയും സഞ്ചാര സ്വാതന്ത്ര്യം ഹനിക്കാതെയും, ജനങ്ങളെ അവരുടെ ഹിതാനുസരണം പ്രവര്‍ത്തിക്കാന്‍ വിട്ടും മാതൃകാപരമായി ഒരു ഗാന്ധിയന്‍ ഹര്‍ത്താല്‍ നടത്തി വിജയിപ്പിക്കാന്‍  ഇവിടുത്തെ ഇടതു, വലതു കക്ഷികള്‍ക്കും കയ്യാലപുരത്തിരുന്നു കാര്യം സാധിക്കുന്ന വര്‍ഗീയ കക്ഷികള്‍ക്കും ധൈര്യമുണ്ടോ ?ചില സംഘടനകള്‍ ഈ ഭൂമുഖത്ത് നിന്നു വംശനാശം സംഭവിച്ചു  കുറ്റി അറ്റ് പോയിട്ടില്ലന്നുള്ളത് ഈ സംഘടനകള്‍ ഹര്‍ത്താല്‍ നടത്തി വിജയിപ്പിക്കുമ്പോ ളാണ് മാലോകര്‍ അറിയുന്നത് തന്നെ !!

കേരളം ഒരു ഭ്രാന്താലയം ആണെന്ന് പണ്ട് സ്വാമി വിവേകാനന്ദന്‍  പറഞ്ഞതി ന്‍റെ പ്രസക്തി ഇപ്പോഴും ചോര്‍ന്ന്   പോയിട്ടില്ല എന്ന് തോന്നും  ഈ ആഭാസ സമരമുരക്ക് മലയാളി നല്‍കുന്ന സ്വീകരണം കണ്ടാല്‍ .ഒരു പാര്‍ട്ടി നടത്തുമ്പോള്‍ മറു പാര്‍ട്ടി എതിര്‍ക്കും , മറു പാര്‍ട്ടി നടത്തിയാലും തഥൈവ. ഇവരുടെ രാഷ്ട്രീയ കളികള്‍ക്കൊടുവില്‍ തിരഞ്ഞെടുപ്പ് വരും ജനം എല്ലാം മറന്നു ഭരണകക്ഷിയേ മാറ്റി പ്രതിപക്ഷത്തെ  ഭരണത്തിലേറ്റും,  തിരഞ്ഞെടുക്കാന്‍‍  മറ്റു ഉപാധികള്‍ ഇല്ലാത്തവരെ കൊണ്ട് അതല്ലേ സാധിക്കൂ .ഭരണ കര്‍ത്താക്കള്‍ക്കു നാടിന്‍റെ വികസനത്തിലല്ല ശ്രദ്ധ സ്വന്തം വികസനത്തിലാണ് .ഇതിനിടിയില്‍ പണ്ടൊരു മഹാന്‍ 
പറഞ്ഞത് ഓര്‍മ വരുകയാണ് ചിലര്‍ക്ക് "ഭരണം തന്നെ സമരം ,സമരം തന്നെ ഭരണം ".ചരിത്ര പരമായ വിഡ്ഢിത്തങ്ങള്‍ പറ്റിയിട്ടുള്ള ഇവര്‍ കേന്ദ്ര ഭരണത്തില്‍ എത്തിയിരുന്നെങ്കില്‍ ആരോട് സമരം ചെയ്തേനെ  ആഗോള മുതലാളിത്ത കുത്തകയായ അമേരിക്കയോടോ, അതോ എന്തിനും ഏതിനും ഇവര്‍ ഉറ്റു നോക്കുന്ന,
ആധുനിക സാമ്പത്തിക ലോക ക്രമത്തില്‍ ഒന്നാം നിരയിലേക്കുള്ള പ്രയാണത്തില്‍ ഭാരതത്തോട് മത്സരിക്കുന്ന ,മനുഷ്യ വിഭവ ശേഷിയെ വിപ്ലവകരമായ രീതിയില്‍ രാജ്യ പുരോഗതിക്കു പരിവര്‍ത്തനം  ചെയ്തു പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് കുതിക്കുന്ന ചൈനയോടോ ?
Picture shows main road in Korla, Xinjiang Province in Western China in 1989.

ജനങ്ങളുടെ ബുദ്ധിമുട്ടുകളേ ക്കാളുപരി നഷ്ടപെടുത്തുന്ന മനുഷ്യ പ്രയത്ന മണിക്കൂറുകളെ  കുറിച്ച് ഒരു നിമിഷം ചിന്തിച്ചാല്‍ ഈ സമരാഭാസത്തിനു ഇവര്‍ ഇറങ്ങി പുറപ്പെടില്ലല്ലോ? വരും തലമുറകള്‍ക്കും രക്ഷയില്ല, ഹര്‍ത്താല്‍ ജീവിതത്തിന്‍റെ     ഭാഗവും ജന്മാവകാശവും ആയി കരുതുന്ന , യുവ നേതാക്കളായ ഇടതന്മാര്‍ ഭാവിയില്‍ ,പൊരിവെയിലില്‍ പോസ്റ്റ്‌ ഓഫീസി പിക്കറ്റിംഗ്,വഴിതടയല്‍ പോലുള്ള പരിപാടികള്‍ക്കും   ശക്തി  പ്രകടനങ്ങള്‍ക്കും  ആളെ കിട്ടില്ല എന്നധാരണയാലോ മറ്റോ ഹര്‍ത്താലിന്‍റെ പ്രാണേതക്കളാണ് . ബാലറ്റിലൂടെ അധികാരത്തിലേറിയ  ലോകത്തെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ രൂപീകരണത്തില്‍ ഭാഗഭാക്കായ  കേരളീ യന്‍റെ മക്കള്‍ക്ക്‌ പുതു തലമുറയുടെ നന്ദിപ്രകടനം . ആരോഗ്യരംഗത്തും ,വിദ്യാഭ്യാസ രംഗത്തും ലോകത്തിനു മാതൃകയായ കേരള മോഡല്‍ സമ്മാനിച്ച മലയാളിയുടെ  നവ കേരള ഹര്‍ത്താല്‍ മോഡല്‍ .







ഉപ്പിനു നികുതി ഏര്‍പ്പെടുത്തി വില വര്‍ദ്ധിപ്പിച്ചപ്പോള്‍ ,നിയമം ലംഘിച്ചു സ്വന്തമായി ഉപ്പു കുറുക്കി മാതൃക കാണിച്ച ഗാന്ധിജിയുടെ മറ്റൊരു സമര മാതൃക നമ്മുടെ മുമ്പിലുണ്ട്.വികസിത രാജ്യങ്ങളായ ജപ്പാനിലും മറ്റുംപ്രതിഷേധിക്കാന്‍ പ്രാവര്‍ത്തികമാക്കുന്ന ,കേരളത്തെപ്പോലെ ഒരു ഉപഭോകൃത സംസ്ഥാനത്തിന് അനുകരിച്ചു വിജയിപ്പിക്കാവുന്ന മാതൃക ,പ്രതിഷേധ ദിനങ്ങളില്‍ കൂടുതല്‍ തൊഴില്‍ ചെയ്തു   തൊഴില്‍ ശേഷി വര്ധിപ്പിച്ചുള്ള ഒരു പ്രതിഷേധ മുറ.കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ലഭ്യമായ രേഖകള്‍ പ്രകാരം  ചെറുതും വലു തുമായി മുന്നോറോളം ഹര്‍ത്താലുകള്‍ ഉണ്ടായ കേരളത്തില്‍ ഇത് മൂലം ലഭിക്കാവുന്ന ഒരു പുരോഗതിയെ കുറിച്ചു ഒന്ന് ചിന്തിച്ചു നോക്കൂ !!!
ദേശീയ ഹര്‍ത്താലുകളുടെ വാര്‍ത്ത അവലോകനം ചെയ്താല്‍ ഒരു സ്ഥിരം ശൈലി കാണാം ."മറ്റു സംസ്ഥാനങ്ങളില്‍ ഭാഗികവും  "മദ്യ കേരളത്തില്‍ "ഹര്‍ത്താല്‍ പൂര്‍ണവുമായിരുന്നു".ഈ ദുരവസ്ഥയ്ക്ക് കാരണം മലയാളിയുടെ സ്വന്തം തട്ടകത്തില്‍ അവനു തൊഴില്‍ ചെയ്യുന്നതിനുള്ള മടിയാണ് .ആരെങ്കിലും 'ഹര്‍' എന്ന് തുമ്മുമ്പോഴേക്കും ബിവറെജസ്  കോര്‍പ്പറേഷന്‍ ക്യൂ വിലേക്കും ,അടുത്ത കോഴിക്കടയിലെക്കും പരക്കം പായുകയും മൊബൈല്‍ ആയ മൊബൈലി ലേക്ക് മുഴുവന്‍ "ഹര്‍ത്താല്‍ ദിന ആശംസകള്‍" അയക്കുകയും  ചെയ്യുന്ന അവന്‍റെ  ആവേശം കണ്ടു തെറ്റിദ്ധരിച്ചു  ,അത് ഹര്‍ത്താലി നുള്ള പിന്തുണയാണെന്ന് പ്രഖ്യാപിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ കുറ്റം പറയാന്‍ പറ്റില്ല .പെട്രോള്‍ വിലകയറ്റ ത്തിലൂടെ ലഭിക്കുന്ന അധിക വില്പന നികുതിയില്‍ യാതൊരു ഇളവും നല്‍കാതെ ,വില വര്ദ്ധനവിനെതിരില്‍ സംസാരിക്കാന്‍, സംസ്ഥാനം ഭരിക്കുന്ന കക്ഷികള്‍ക്ക് എന്ത് ന്യായം .ലിറ്റെറിന് കേവലം പത്തു രൂപ മാത്രം ഉത്പാദന ചിലവുവരുന്ന മദ്യം ലിറ്റ്റിന് ഇരുന്നൂറും മുന്നൂറിനും വിറ്റ് സംസ്ഥാന ഖജനാവ് വീര്‍പ്പിക്കാന്‍ ഉള്ള തന്ത്രമാണോ സര്ക്കാരി ന്‍റെ ഹര്‍ത്താല്‍ ദിനങ്ങളിലെ നിസ്സംഗത എന്ന് തെറ്റി ദ്ധരിച്ചാല്‍ ആരെയം കുറ്റം പറയാന്‍ കഴിയില്ല .സാമ്പത്തിക പദ്ധതികളില്‍ മുതല്‍ മുടക്കാന്‍ ആളെ ലഭിക്കാതെ വലയുന്ന  കേരളത്തിന്‍റെ ടൂറിസം വികസനത്തില്‍ ,ഒരു പുതിയ സാധ്യത തുറന്നു കിട്ടിയിരിക്കുന്നു ,സകല  തിരക്കുകളില്‍ നിന്നും അക്ഷരാര്‍ത്ഥത്തില്‍ അകന്നു  ഒരു ലൌകിക ജീവിതം  അനുഭവ ഭേദ്യമാക്കുന്നു ഹര്‍ത്താല്‍ ദിനങ്ങളില്‍ ഈ സുന്ദര കേരളത്തില്‍ .  ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തില്‍ , എല്ലാ ഹര്‍ത്താല്‍ ദിനങ്ങളിലും തൊപ്പി ചൂടി, പച്ചവെള്ളം കിട്ടാതെ വെയിലത്തിരിക്കുന്ന സായ്പ്പി ന്‍റെ ഫോട്ടോ പത്രത്തില്‍ കണ്ടു സായൂജ്യമടയുന്ന നമ്മള്‍  ഓര്‍ക്കാത്തതെന്തേ പ്രകൃതിക്ക് ദൈവത്തിന്‍റെ കരപരിലാളനം ഇത്രയേറെ ലഭിച്ച കേരളത്തില്‍ ഈ നില തുടര്‍ന്നാല്‍ ഒരു വിദേശിയും എത്തില്ല എന്ന യാദാര്‍ത്ഥ്യം .  അന്നേ ദിവസം അന്യ സംസ്ഥാന ടൂറിസം കേന്ദ്രങ്ങളിലെ തിരക്ക് പരിശോധിച്ചാല്‍ അറിയാം മലയാളിയുടെ ഹര്‍ത്താല്‍ ആര്‍മാദിക്കുന്നതിന്‍റെ തോതും തീവ്രതയും .എല്ലാ വികസന പ്രശ്നങ്ങള്‍ക്കും അന്യ സംസ്ഥാന ലോബിയെ കുറ്റം പറയുന്നവര്‍ ഇതൊന്നു ശ്രദ്ധിക്കൂ .ഈ ഹര്‍ത്താല്‍ വല്ല അന്യ സംസ്ഥാന ഗൂഡാലോചനയോ മറ്റോ ആണോ ! 
ഹര്‍ത്താലിന്‍റെ കെടുതി അതിന്‍റെ സകല തീവ്രതയോടെയും ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിക്കാത്ത മലയാളി ചുരുക്കമായിരിക്കും .  
ഓരോ ഹര്‍ത്താല്‍ ദിനങ്ങളിലും സ്വന്തം പ്രീയപ്പെട്ടവരുടെ ജീവനു വേണ്ടി ഹര്‍ത്താലനുകൂലികളുടെ കാലുപിടിക്കുന്ന ബന്ധുജനങ്ങളുടെ കാഴ്ച മാധ്യമങ്ങളുടെ ആദ്യപേജില്‍ തന്നെ വരാറുണ്ട്. ഇതിനൊന്നും നമ്മുടെ നേതാക്കളുടെ മനസ്സലിയിക്കാന്‍ കഴിയില്ല. കാരണം എന്ത് ഹര്‍ത്താല്‍ ആയിരുന്നാലും തങ്ങളുടെ അവകാശത്തിനൊരു കോട്ടവും വരില്ലന്ന് അവര്‍ക്കുറപ്പുണ്ട്.ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള  പോരാട്ടം മറ്റൊരു ജനദ്രോഹമാകരുത് .നാളെ ഹര്‍ത്താലിനോട് ജനങ്ങളുടെ പൂര്‍ണ്ണ സഹകരണം എന്ന് പാര്‍ട്ടി പത്രങ്ങള്‍ എഴുതി വിടുമ്പോള്‍ പേടിച്ചിട്ടാണ് ജനങ്ങള്‍ പുറത്തിറങ്ങാത്തത് എന്ന സത്യം എല്ലാവര്‍ക്കും അറിയാം.

ഇത്രയും പറയുമ്പോള്‍ ഞാന്‍ ഒരു ഇടതു വിരോധിയും വലതു അനുകൂലിയുമാണെന്ന്  തെറ്റിദ്ധരിക്കേണ്ട ഞാന്‍കേവലം ഒരു ഹര്‍ത്താല്‍ വിരോധി മാത്രമാണ് .ആശയങ്ങളിളല്ല  അവ നടപ്പിലാക്കുന്നവരിലും ,പ്രാവര്‍ത്തികമാക്കുന്ന രീതികളിലുമാണ് ന്യൂനത . ഈ ഹര്‍ത്താല്‍ ദിനത്തില്‍ ബഹുമാനപ്പെട്ട KPCC  പ്രസിഡന്‍റെ   ഹര്‍ത്താലിനെതിരെ നടത്തിയ റോഡ്‌ ഷോ  ഇവിടെ പ്രസ്താവ്യമാണ് .മുന്നില്‍ അകമ്പടി പോകുന്ന കാറിനു പുറകില്‍ സ്കൂട്ടറിന്‍റെ  പുറകില്‍ ഇരിക്കുന്ന അദ്ദേഹത്തിന്‍റെ ആശങ്ക  നാളത്തെ പത്രത്തിലെ തലക്കെട്ടിനെ കുറിച്ചാണ് . നാളെ ഊഴം അനുസരിച്ച് നമ്മെ ഭരിക്കേണ്ട പ്രസ്ഥാനത്തിന്‍റെ മുന്‍ നിര നേതാവിന്‍റെ ചിന്തയും  വേവലാതിയും  ,അത് തന്നെയല്ലേ നമ്മുടെ തലവിധി .



ഇതിനൊരു മാറ്റം വേണ്ടേ ,മറു നാടില്‍ വന്നാല്‍ കയ്മെയ്‌ മറന്നു അധ്വാനിക്കുന്ന മലയാളിക്ക് സ്വന്തം തട്ടകത്തില്‍ ഒരു തൊഴില്‍ സംസ്കാരവും  ,പെരുമാറ്റ സംഹിതയും സൃഷ്ട്ടിക്കേണ്ട കാലം അതിക്രമിചില്ലേ ?



അതിനു നാം ഓരോരുത്തരും ഉണരണം നല്ല ഒരു നാളെയ്ക്കു വേണ്ടി സമത്വ സുന്ദരമായ കേരളത്തിനു വേണ്ടി !!!!

  

ഈ തിരഞ്ഞെടുപ്പില്‍ രാജാധികാരം ഇല്ലാത്ത പ്രവാസി ഭാഗ്യവാനോ,നിര്‍ഭാഗ്യവാനോ ?  



ഫൈസല്‍ ബക്കര്‍ പള്ളിമുറ്റത്ത്