Powered By Blogger

Thursday, 19 July 2012

പുണ്യങ്ങളുടെ പൂക്കാലമായ റമദാന് സ്വാഗതം


സഹോദരാ...
നന്മകള്‍ നേരുന്നു. സമയവും ആരോഗ്യവും വില്പ്പെട്ടതാണല്ലോ. രണ്ടും നമുക്കൊരിക്കലും വീണ്ടെടുക്കാന്‍ ഒരിക്കലും കഴിയില്ല. കൊഴിഞ്ഞുപോയത് കൊഴിഞ്ഞുപോയത് തന്നെ. അത് രണ്ടും വിവേകപൂര്‍വ്വം ഉപയോഗ പ്പെടുത്തിയവര്‍ ഭാഗ്യവാന്മാര്‍. അത്തരക്കാരില്‍ ഉള്‍പ്പെടാന്‍ നമുക്ക് ശ്രമിക്കാം നാഥന്‍ തുണക്കട്ടെ.

അല്ലാഹുവിന് സ്തുതി,   സമയം കാതലാണ്. പാഴാക്കിക്കളയാനോ അവഗണിച്ചു തള്ളാനോ പാടില്ലാത്ത വിധം അമൂല്യമാണത്. സമയത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധ കാണിക്കുന്നവനാണ് വിവേകി. വില കുറഞ്ഞ വസ്തുക്കളും വ്യര്‍ഥ സംസാരങ്ങളും കൊണ്ട് നിറക്കേണ്ട ഒരു പാത്രമായി അവന്‍ അതിനെ കണക്കാക്കുകയില്ല. പകരം, അല്ലാഹുവിനെ തൃപ്തിപ്പെടുത്തന്നതും ജനങ്ങള്‍ക്ക് ഉപകാരമുള്ളതുമായ കാര്യങ്ങള്‍ക്കായി അവന്‍ അതിനെ വിനിയോഗിക്കും. ജീവിതത്തിലെ ഓരോ നിമിഷത്തിനും സ്വന്തം പദവി അല്‍പാല്‍പമായി ഉയര്‍ത്താനും തന്‍റെ ചുറ്റുപാടുള്ള ജനങ്ങളെ ആനന്ദിപ്പിക്കാനുമുള്ള സ്രോതസ്സുണ്ട്.
ഏറ്റവും ഉന്നതമായ പദവി കരസ്ഥമാക്കലും ജനങ്ങളെ അത്യധികം സന്തോഷിപ്പിക്കലുമാണ് നിന്‍റെ ലകഷ്യമെങ്കില്‍ നീ വിശ്രമത്തെ മറന്നേക്കുക. ഫലശൂന്യമായ ഉല്ലാസങ്ങളെ തിരസ്കരിക്കുകയും ചെയ്യുക.
ഒരു നിമിഷം കൊണ്ട് നിനക്ക് ധാരാളം നന്മകള്‍ പ്രവര്‍ത്തിച്ച് വളരെയധികം പ്രതിഫലം കരസ്ഥമാക്കാം. വെറും ഒരു നിമിഷനേരം കൊണ്ടുള്ള ദാനധര്‍മ്മത്തിലൂടെയും, പഠനത്തിലൂടെയും, മനഃ പാഠത്തിലൂടെയും, സല്‍കര്‍മ്മങ്ങള്‍ക്കായി പരിശ്രമിക്കുന്നതിലൂടെയും, നിന്‍റെ ജീവിതത്തിലെ ആ ഒരു നിമിഷം പാഴായി പോയിട്ടില്ലെന്ന് നിനക്ക് ഉറപ്പു വരുത്താം. ഒരു നിമിഷത്തെ ഏറ്റവും ഫലപ്രദമായി എങ്ങിനെ വിനിയോഗിക്കാമെന്നും സൂക്ഷിക്കാമെന്നും നീ മനസ്സിലാക്കുകയാണെങ്കില്‍, നിന്‍റെ സല്‍കര്‍മങ്ങളുടെ പുസ്തകത്തില്‍ ആ ഒരു നിമിഷം രേഖപ്പെടുത്തപ്പെട്ടേക്കും.
ഓരോ നിമഷവും ഏറ്റവും ഫലപ്രദമായി വിനിയോഗിക്കാന്‍ പരിശ്രമിക്കുക.
നീ അത് മറന്നു പോകുകയാണെങ്കില്‍ ഏറ്റവും സുപ്രധാനമായ ഒരു കാര്യമാണ് നീ മറന്നത് അതായത് ആത്യന്തിക സത്യം. അല്ലാഹുവിന്‍റെ അനുമതിയോടെ, ഒരു നിമിഷ നേരം കൊണ്ട് ചെയ്യാവുന്ന കാര്യങ്ങളുടെ ഒരു പട്ടികയാണ് താഴെ വരുന്നത്:

1.അല്‍പം വേഗതയിലും, ശബ്ദമുയര്‍ത്താതെയും ഓതുകയാണെങ്കില്‍, ഒരു നിമിഷനേരം കൊണ്ട് നിനക്ക് മൂന്നു തവണ സൂറതുല്‍ ഫാതിഹ ഓതാന്‍ സാധിക്കും. ഒരു തവണ ഫാതിഹ ഓതിയാല്‍ അറുനൂറിലധികം നന്മകള്‍ രേഖപ്പെടുത്തുമെന്നാണ് ഫാതിഹ ഓതുന്നതിന്‍റെ പ്രതിഫലമായി ചില പണ്ഡിതന്മാര്‍ പറഞ്ഞത്. അപ്പോള്‍ മൂന്നു തവണ ഓതുകയാണെങ്കില്‍, അല്ലാഹുവിന്‍റെ അനുമതിയോടു കൂടി, 1800 ലധികം നന്മകള്‍ കരസ്ഥമാക്കാന്‍ സാധിക്കും. എല്ലാം ഒരു നിമിഷ നേരം കൊണ്ട്.

2. അല്‍പം വേഗതയിലും, ശബ്ദമുയര്‍ത്താതെയും ഓതുകയാണെങ്കില്‍, ഒരു നിമിഷ നേരം കൊണ്ട് നിനക്ക് 20 തവണ സൂറതുല്‍ ഇഖ്ലാസ് ഓതാന്‍ സാധിക്കും. സൂറതുല്‍ ഇഖ്ലാസ് ഖുര്‍ആനിന്റെ മൂന്നിലൊന്നാണ്. അപ്പോള്‍, 20 തവണ ഓതുകയാണെങ്കില്‍, അത് ഖുര്‍ആന്‍ മുഴുവന്‍ ഏഴ് തവണയോളം ഓതുന്നതിന് തുല്യമാണ്. എല്ലാ ദിവസവും ഒരു മിനിട്ടില്‍ 20 തവണ ഓതുകയാണെങ്കില്‍, ഒരു മാസം 600 തവണയും, ഒരു വര്‍ഷം 7200 തവണയും ഓതാന്‍ സാധിക്കും. അതായത് ഒരു വര്‍ഷം 2400 തവണ ഖുര്‍ആന്‍ മുഴുവന്‍ ഓതുന്നതിന്‍റെ പ്രതിഫലം.

3. ഒരു നിമിഷ നേരം കൊണ്ട് നിനക്ക് ഖുര്‍ആനിലെ ഒരു പേജ് ഓതാന്‍ സാധിക്കും.

4. ഒരു നിമിഷ നേരം കൊണ്ട് നിനക്ക് ഖുര്‍ആനിലെ ഒരു ചെറിയ വചനം മനഃപാഠമാക്കാന്‍ സാധിക്കും.

5. ഒരു നിമിഷ നേരം കൊണ്ട് നിനക്ക് لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ المُلكُ وَلَهُ الحَمْدُ وَهُوَ عَلىَ كُلِّ شَيْءٍ قَدِير لَهُ (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യം അവനാണ്. എല്ലാ സ്തുതിയും അവന്നു തന്നെ. അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനത്രെ.) എന്ന് 20 തവണ പറയാന്‍ സാധിക്കും. ഇത് ഒരു തവണ പറഞ്ഞാലുള്ള പ്രതിഫലം ഇസ്മാഈ ല്‍ സന്തതികളില്‍ പെട്ട 8 അടിമകളെ അല്ലാഹുവിന്റെ പ്രീതി ലക്ഷ്യം വെച്ചുകൊണ്ട് മോചിപ്പിച്ചതിന് തുല്യമാണ്.

6. ഒരു നിമിഷ നേരം കൊണ്ട് നിനക്ക് سُبْحَانَ اللهِ وَبِحَمْدِهِ (അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ വാഴ്ത്തു ന്നു.) എന്ന് 100 തവണ പറയാന്‍ സാധിക്കും. ഇത് ഒരു ദിവസം പറഞ്ഞവന്‍റെ പാപങ്ങള്‍ സമുദ്രത്തിലെ പതയോളമുണ്ടെങ്കിലും, പൊറുക്കപ്പെടും.

7. ഒരു നിമിഷ നേരം കൊണ്ട് നിനക്ക് سُبْحَانَ اللهِ وَبِحَمْدِهِ سُبْحَانَ اللهِ العَظِيم (അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്‍റെ പരിശുദ്ധിയെ വാഴ്ത്തുന്നു. മഹാനായ അല്ലാഹു പരിശുദ്ധന്‍) എന്ന് 50 തവണ പറയാന്‍ സാധിക്കും.നാവുകള്‍ക്ക് ഭാരം കുറഞ്ഞതും, തുലാസുകളില്‍ ഘനം തൂങ്ങുന്നതും, പരമകാരുണികന് ഏറ്റവും പ്രിയങ്കരവുമായ രണ്ട് വാചകങ്ങളാണിത്. ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ അപ്രകാരം കാണാം.

8. നബി(സ്വ) പറഞ്ഞു: “സൂര്യോദയം അനുഭവിക്കുന്ന ഏതൊരു വസ്തുവിനേക്കാളും ഞാനിഷ്ടപ്പെടുന്നത് ‘സുബ്ഹാനല്ലാഹ്, വല്‍ ഹംദുലില്ലാഹ്, വ ലാ ഇലാഹ ഇല്ലല്ലാഹു, വല്ലാഹു അക്ബര്‍’ (അല്ലാഹു പരിശുദ്ധന്‍, അല്ലാഹുവിനാകുന്നു സര്‍വ സ്തുതി യും,അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ല, അല്ലാഹുവാണ് ഏ റ്റവും വലിയവന്‍)എന്ന് ഉരുവിടുന്നതിനെയാണ്.” (മുസ്ലിം ഉദ്ധരിച്ച ഹദീസ്) ഒരു മിനുട്ട് കൊണ്ട് ഇവ 18 ലധികം തവണ പറയാന്‍ സാധിക്കും. ഈ വാക്കുകള്‍ അല്ലാഹുവിന് ഏറ്റവും പ്രിയങ്കരവും, ഏറ്റവും ഉത്തമവും, നന്മയുടെ തുലാസില്‍ ഘനം തൂങ്ങുന്നതുമാണ്. സ്വഹീഹായ ഹദീസുകളില്‍ വന്നതാണിത്.

9. ഒരു നിമിഷ നേരം കൊണ്ട് നിനക്ക് لاَ حَوْلَ وَ لاَ قُوَّةَ إِلاَّ بِااللهِ (അല്ലാ ഹുവിനല്ലാതെ കഴിവും ശക്തിയുമില്ല) എന്ന് 40 ലധികം തവണ പറയാന്‍ സാധിക്കും. ബുഖാരിയിലെയും മുസ്ലിമിലെയും റിപ്പോര്‍ട്ടനുസരിച്ച് ഇത് സ്വര്‍ഗത്തിലെ ഖജനാവുകളില്‍പ്പെട്ട ഒരു ഖജനാവാണ്. പ്രയാസങ്ങള്‍ ദൂരീകരിക്കുന്നതിനും മഹത്തായ കാര്യങ്ങള്‍ ലക്ഷ്യം വെക്കുന്നതിനുമുള്ള ഒരു മാര്‍ഗമാണിത്.

10. ഒരു നിമിഷനേരം കൊണ്ട് നിനക്ക് لاَ إِلَهَ إِلاَّ اللهُ (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ല) എന്ന് 50 ഓളം തവണ പറയാന്‍ സാധിക്കും. തൌഹീദിന്റെ വചനമായത് കൊണ്ട് തന്നെ ഇത് ഏറ്റവും ഉന്നതമായ വചനമാണ്. മാത്രമല്ല, ഈ വചനത്തിന് മഹത്വവും ദൃഢതയുമുണ്ട്. ആരുടെയെങ്കിലും അവസാനത്തെ വാക്കുകള്‍ ഇതായാല്‍, അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. ഈ വാക്കുകളുടെ മഹത്വം വിവരിക്കുന്ന മറ്റുധാരാളം റിപ്പോര്‍ട്ടുകളുണ്ട്.

11. ഒരു നിമിഷ നേരം കൊണ്ട് നിനക്ക് سُبْحَانَ اللهِ وَبِحَمْدِهِ عَدَدَ خَلْقِهِ و رِضا نَفْسِهِ وَزِنَةَ عَرْشِهِ وَمِدادَ كَلِماَتِهِ (അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം 
അവന്റെ പരിശുദ്ധിയെ വാഴ്ത്തുന്നു. അവന്റെ സൃഷ്ടികളുടെ എണ്ണത്തോളം, അവന്റെ മനസ്സിന്റെ തൃപ്തിയോളം, അവന്റെ സിംഹാസനത്തിന്റെ ഭാരത്തോളം, അവന്റെ വചനങ്ങളുടെ അളവോളം) എന്ന് 15 തവണയിലധികം പറയാന്‍ സാധിക്കും. പ്രവാചക(സ്വ)നില്‍ നിന്നും സ്വഹീഹായി വന്ന ഹദീസുകളനുസരിച്ച് വിവിധ രൂപത്തിലുള്ള തസ്ബീഹിനും ദിക്റിനും അനേകമിരട്ടി പ്രതിഫലങ്ങള്‍ വാഗ്ദാനം ചെയ്തതായി കാണാം.

12. ഒരു നിമിഷ നേരം കൊണ്ട് നിനക്ക് اَسْتَغْفِرُ الله (ഞാന്‍ അല്ലാഹു വോട് പാപമോചനം തേടുന്നു) എന്ന് 100 തവണയിലധികം പറഞ്ഞു കൊണ്ട് അല്ലാഹുവോട് പാപമോചനം തേടാന്‍ സാധിക്കും.പാപമോചനം തേടുന്നതിന്റെ മഹത്വങ്ങള്‍ നിഗൂഢമല്ല. കാരണം, അവ പാപമോചനം ലഭിക്കുന്നതിനും സ്വര്‍ഗപ്രവേശനത്തിനുമുള്ള മാര്‍ഗമാണ്.മാത്രമല്ല, അത് നല്ലൊരു ജീവിതം നയിക്കുന്നതിനും, ദൃഢത വര്‍ദ്ധിപ്പിക്കുന്നതിനും, പ്രയാസങ്ങള്‍ അകറ്റുന്നതിനും, കാര്യങ്ങള്‍ എളുപ്പമാകുന്നതിനും, മഴ ലഭിക്കുന്നതിനും, സമ്പത്തും സന്താനങ്ങളും വര്‍ദ്ധിക്കുന്നതിനും ഉപകരിക്കും.

13. ഒരു നിമിഷനേരം കൊണ്ട് നിനക്ക് ലഘുവും സംക്ഷിപ്തവുമായ ഏതാനും വാക്കുകള്‍ പറയാം. സങ്കല്‍പിക്കാന്‍ പോലും സാധിക്കാത്തത്ര നന്മകള്‍ അതിലൂടെ അല്ലാഹു നിനക്ക് കൊണ്ടു വന്നേക്കും.

14. ഒരു നിമിഷ നേരം കൊണ്ട്صَلَّى الله عَلَيهِ وَسَلَّم (അല്ലാഹുവിന്റെ അ നുഗ്രഹവും സമാധാനവും അവിടുത്തെ മേലുണ്ടാകട്ടെ) എന്ന് 50 തവണ നബിയുടെ മേല്‍ സ്വലാത്ത് ചൊല്ലാന്‍ നിനക്കാകും. പകരം, നിന്റെ മേല്‍ അല്ലാഹു 500 അനുഗ്രഹങ്ങള്‍ ചൊരിയും. കാരണം, ഒരു സ്വലാത്തിന് പകരമായി തുല്യമായ പത്ത് അനുഗ്രഹങ്ങളാണ് ലഭിക്കുക.

15. ഒരു നിമിഷ നേരം കൊണ്ട് അല്ലാഹുവിന് ശുക്ര്‍ ചെയ്യാനും, അവനെ സ്നേഹിക്കാനും, ഭയപ്പെടാനും, അവനില്‍ പ്രതീക്ഷയര്‍പ്പിക്കാനും, ഹൃദയത്തെ പ്രേരിപ്പിക്കാന്‍ സാധിക്കും.അങ്ങനെ, ഉബൂദിയ്യത്തിന്റെ ഘട്ടങ്ങളിലൂടെ നിനക്ക് സഞ്ചരിക്കാം. കട്ടിലില്‍ കിടക്കുമ്പോഴും, തെരുവിലൂടെ നടക്കുമ്പോഴും ഇത് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും.

16. എളുപ്പം ഗ്രഹിക്കാവുന്ന ഒരു ഗ്രന്ഥത്തിലെ രണ്ടിലധികം പേജു കള്‍ ഒരു നിമിഷ നേരം കൊണ്ട് വായിക്കാം.

17. ഒരു നിമിഷ നേരം കൊണ്ട് ഫോണില്‍ ഒരു ബന്ധുവിനെ വിളി ച്ച് കുടുംബ ബന്ധം നിലനിര്‍ത്താം.

18. ഒരു നിമിഷ നേരം കൊണ്ട് പ്രാര്‍ത്ഥനയുടെ പുസ്തകത്തില്‍ നിന്നും ഇഷ്ടമുള്ള ഏതെങ്കിലും ഒരു പ്രാര്‍ത്ഥന കൈകളുയര്‍ത്തിക്കൊണ്ട് പ്രാര്‍ത്ഥിക്കാം.

19. ഒരു നിമിഷ നേരം കൊണ്ട് ധാരാളമാളുകള്‍ക്ക് സലാം പറയുകയും ഹസ്തദാനം നടത്തുകയും ചെയ്യാം.

20. ഒരു നിമിഷ നേരം കൊണ്ട് ഒരു തിന്മയെ തടുക്കാം.

21. ഒരു നിമിഷ നേരം കൊണ്ട് ഏതെങ്കിലും ഒരു നന്മ കല്‍പിക്കാം.

22. ഒരു നിമിഷ നേരം കൊണ്ട് നിന്റെ ഒരു സഹോദരന് സദുപദേശം നല്‍കാം.

23. ഒരു നിമിഷ നേരം കൊണ്ട് പ്രയാസത്തിലകപ്പെട്ട ഒരു സഹോദരനെ ആശ്വസിപ്പിക്കാം.

24. ഒരു നിമിഷ നേരം കൊണ്ട് വഴിയില്‍ നിന്നും എന്തെങ്കിലും ഉപദ്രവം നീക്കാം.

25. ഒരു നിമിഷ നേരം ഏറ്റവും നന്നായി പ്രയോജനപ്പെടുത്തുന്നത് മൂലം ബാക്കിയുള്ള സമയങ്ങള്‍ പാഴാകാതെ ശ്രദ്ധിക്കും.
ഇമാം ശാഫിഈ(റ ) പറഞ്ഞു: “ജനങ്ങള്‍ ഉറങ്ങാന്‍ പോകുമ്പോള്‍ ഞാന്‍ എന്റെ കണ്ണുകളെ കരയാന്‍ വിടുകയും ഏറ്റവും വാചാലമായ ഒരു വരി കവിത ചൊല്ലുകയും ചെയ്യും. എന്റെ വിജ്ഞാനത്തില്‍ യാതൊരു അഭിവൃദ്ധിയുമില്ലാതെ രാത്രികള്‍ ഇങ്ങനെ കടന്നു പോകുന്നത് വ്യര്‍ത്ഥമല്ലേ? എങ്കിലും ഈ സമയങ്ങള്‍ എന്റെ ജീവിതത്തിന്റെ ഭാഗമായിട്ടാണ് എണ്ണപ്പെടുന്നത്.”
അവസാനമായി, നിഷ്കളങ്കമായി നീ അല്ലാഹുവിങ്കലേക്ക് അടുക്കുകയും അവനെക്കുറിച്ച് കൂടുതല്‍ അറിയുകയും ചെയ്യുന്നതിനനുസരിച്ച് നിന്റെ നന്മകളും പ്രതിഫലവും വര്‍ദ്ധിക്കും.
ഇതില്‍ പ്രതിപാദിച്ച ഭൂരിഭാഗം കര്‍മങ്ങളും പ്രയാസമില്ലാത്തവയാണ്. അവയ്ക്ക് ശുദ്ധിയുടെ ആവശ്യമില്ല. മാത്രമല്ല, ചെയ്തു തളരുന്നതോ, കഠിനാദ്ധ്വാനം ആവശ്യമുള്ളതോ ആയ കര്‍മങ്ങളുമല്ല. മറിച്ച്, നടന്നു കൊണ്ടും, വാഹനത്തിലായിരിക്കുമ്പോഴും, കിടന്നു കൊണ്ടും, നിന്നു കൊണ്ടും, ഇരുന്നു കൊണ്ടും, ആരെയെങ്കിലും കാത്തു നില്‍ക്കുമ്പോഴും ചെയ്യാവുന്നവയാണ്.
ആനന്ദ ലബ്ധിക്കും, ഹൃദയവിശാലതക്കും, പ്രയാസ ദൂരീകരണത്തിനും ഉതകുന്ന ഏറ്റവും ഉത്തമമായ മാര്‍ഗങ്ങളാണ് ഈ കര്‍മങ്ങള്‍. അല്ലാഹു ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്നത് പ്രവര്‍ത്തിക്കാന്‍ അവന്‍ നമ്മെ ഏവരെയും സഹായിക്കുമാറാകട്ടെ. നമ്മുടെ പ്രവാചകനായ മുഹമ്മതു നബി  (സ) തങ്ങളുടെ മേല്‍ അല്ലാഹു അനുഗ്രഹം ചൊരിയട്ടെ. 

ദുആ വസിയ്യത്തോടെ

ഫൈസല്‍ ബക്കര്‍ പള്ളിമുറ്റത്ത്‌ മാള