Powered By Blogger
Showing posts with label FAMILY. Show all posts
Showing posts with label FAMILY. Show all posts

Sunday, 9 May 2010

അവര്‍ക്ക് വേണ്ടി നമുക്ക് ചെയ്യാം !!



അവര്‍ക്ക്  വേണ്ടി  നമുക്ക് ചെയ്യാം !!

പ്രണയത്തിന്‍റെ മനശാസ്‌ത്രം


പ്രണയത്തിന്‍റെ  മനശാസ്‌ത്രം


ഒരു നോക്ക്‌, ഒരു വാക്ക്‌, ഒരു സ്‌പര്‍ശം അതു മതി. കണ്ണില്‍ നിന്നും കണ്ണിലേക്കും ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്കും ഒരു മിന്നല്‍ പിണര്‍ പാഞ്ഞടുക്കും. പിന്നെ ഞരമ്പുകള്‍ വലിഞ്ഞുമുറുകും. രക്‌തം തിളച്ചുമറിയും. ഇവിടെ പ്രണയം സംഭവിക്കുകയാണ്‌. കാലവും ദേശവും വര്‍ണവും വര്‍ഗവും ഒന്നും പ്രണയത്തിന്‌ അതിരിടുന്നില്ല. ലോകത്തെവിടെയും പ്രണയത്തിന്‍റെ  നിറവും താളവും ഊഷ്‌മളതയും  ഒന്നു തന്നെയാണ്‌. കാരണം ഇതൊരു സഹജമാനുഷിക ഭാവമാണ്‌. 
പ്രണയത്തിന്‍റെ  മനശാസ്‌ത്രത്തെക്കുറിച്ച്‌ പഠനങ്ങള്‍ ആരംഭിച്ചിട്ട്‌ നൂറ്റാണ്ടുകള്‍ ഏറെ കഴിഞ്ഞിട്ടുണ്ട്‌. ആണിനും പെണ്ണിനും പരസ്‌പരം ഉണ്ടാകുന്ന ആകര്‍ഷണത്തിന്‍റെ  പൊരുള്‍ തേടിയ ഗ്രീക്കു ചിന്തകര്‍ അതിനെ നാലായി തിരിച്ചു. ഈ തരംതിരിവിനെ പ്രണയത്തിന്‍റെ  ക്ലാസിക്‌ സങ്കല്‍പ്പമായി കാണാം. ലിബിഡോ, ഇറോസ്‌, ഫീലിയ, അഗാപെ എന്നിങ്ങനെയാണ്‌ ഗ്രീക്കുചിന്തകളില്‍ പ്രണയത്തെ തരംതിരിച്ചിരിക്കുന്നത്‌.
ഇതില്‍ ലൈംഗികതയില്‍ അധിഷ്‌ഠിതമായ സ്‌നേഹമാണ്‌ ലിബിഡോ. പ്രണയത്തിലെ കാമത്തിന്‍റെ  അംശത്തെയാണ്‌ അവര്‍ ഇവിടെ കണ്ടെത്തുന്നത്‌.

വ്യക്‌തിബന്ധങ്ങള്‍ക്ക്‌ ഊന്നല്‍ നല്‍കുന്നതാണ്‌ ഇറോസ്‌.

സൗഹൃദവും ചങ്ങാത്തവുമാണ്‌ ഫീലിയ.

സര്‍വ ചരാചരങ്ങളോടുമുള്ള അളവറ്റ സ്‌നേഹമാണ്‌ നാലാമത്തെ വിഭാഗമായ അഗാപെ.

ഉപാധികളില്ലാത്ത സ്‌നേഹം എന്നര്‍ഥം വരുന്ന സ്‌നേഹം ദൈവത്തിന്‌ മനുഷ്യനോടുള്ളതിന്‌ സമാനമാണെന്ന്‌ പറയാം. ശരാശരി മനുഷ്യന്‌ ചുറ്റിനുമുള്ള എന്തിനോടും തോന്നുന്ന ഈ സ്‌നേഹം ഈ നാലിന്‍റെയും മിശ്രിതമായിരിക്കും.

പഠനങ്ങള്‍ അന്വേഷണങ്ങള്‍

പ്രണയം അത്ര നിസാരമല്ലെന്ന്‌ നൂറ്റാണ്ടുകള്‍ തെളിയച്ചതോടെ ആധുനിക ശാസ്‌ത്രലോകവും ആ രഹസ്യം കണ്ടെത്താന്‍ ശ്രമം തുടര്‍ന്നു. തന്മാത്രാ ജീവശാസ്‌ത്രത്തിലും ആധുനിക സങ്കേതികവിദ്യകളിലും മസ്‌തിഷ്‌ക പഠനങ്ങളിലുമുണ്ടായ പുരോഗതിയാണ്‌ പ്രണയരഹസ്യത്തിന്‍റെ  ചുരുളഴിക്കാന്‍ ഏറെക്കുറെ സാധിച്ചത്‌. ഇതിന്‍റെ  -ഫലമായി ഹോര്‍മോണുകളുടെയും മറ്റു രാസസ്രവങ്ങളുടെയും പ്രവര്‍ത്തനവും നാഡിവ്യവസ്‌ഥയുടെ പ്രവര്‍ത്തന സംവിധാനങ്ങളും വെളിപ്പെട്ടതോടെ പ്രണയത്തിന്‍റെ  രസതന്ത്രത്തിനടുത്തെത്താന്‍ ശാസ്‌ത്രലോകത്തിനായി.

എല്ലാം ഹോര്‍മോണ്‍ മാജിക്‌ ഹോര്‍മോണ്‍ മാജിക്‌ എന്നു പ്രണയത്തെ നിര്‍വചിക്കാം. ഫിനൈല്‍ ഈതൈല്‍ അമിന്‍ ആണ്‌ പ്രണയ ഹോര്‍മോണുകളില്‍ പ്രധാനം. നൈട്രജന്‍ അടങ്ങിയ ഈ ജൈവരാസഘടകം മസ്‌തിഷ്‌കത്തിലാണ്‌ ഉണ്ടാവുക. മനസിനെ അത്യാഹ്‌ളാദത്തിലെത്തിക്കാന്‍ ഇതിനാകുന്നു. ഒരു പ്രണയം മൊട്ടിടുമ്പോള്‍ ഈ രാസഘടകം മസ്‌തിഷ്‌കത്തില്‍ കുടുതലായി ഉത്‌പാദിപ്പിക്കപ്പെടുന്നു. തുടര്‍ന്ന്‌ പ്രണയത്തെ ഹൃദയത്തില്‍ ആളിക്കത്തിക്കുന്നതും പിടിച്ചടുപ്പിക്കുന്നതും വിട്ടുപിരിയാത്ത ബന്ധത്തിലേക്ക്‌ വളര്‍ത്തുന്നതും ഈ ഈ രാസഘടകത്തിന്‍റെ  ഇന്ദ്രജാലമാണ്‌. മനസിനെ പ്രണയത്തിന്‌ കീഴ്‌പ്പെടുത്തുന്നതില്‍ ഈ രാസഘടകത്തിന്‍റെ  സ്വാധീനം വളരെ വലുതാണ്‌.

സുഖ സന്തോഷത്തിന്‌ ഡോപോമൈന്‍


ഫിനൈല്‍ ഈതൈല്‍ അമിന്‍ ഉത്‌പാദിപ്പിക്കുന്നതിനെത്തുട൪ന്നു  ശരീരത്തില്‍ പല മാറ്റങ്ങളുംസംഭവിക്കുന്നു. ഇതോടൊപ്പം മറ്റ്‌ രാസഘടകങ്ങള്‍ ഉത്‌പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. അതില്‍ ഏറ്റവും പ്രധാനമാണ്‌ ഡോപമൈന്‍. പ്രണയത്തിന്‌ ഊഷ്‌മളത പകരുന്നതില്‍ ഡോപമൈന്‍ മുഖ്യപങ്ക്‌ വഹിക്കുന്നു. മനസില്‍ സുഖാവസ്‌ഥ സൃഷ്‌ടിക്കുന്നത്‌ ഡോപമൈനാണ്‌. വേദന, വൈകാരിക പ്രതികരണങ്ങള്‍, ചലനങ്ങള്‍, സന്തോഷം തുടങ്ങിയവയെ നിയന്ത്രിക്കുന്ന മസ്‌തിഷ്‌ക ഭാഗത്താണ്‌ ഡോപമൈന്റെ പ്രവര്‍ത്തനം. പ്രണയിക്കുമ്പോള്‍ അല്ലെങ്കില്‍ കാമുകീ കാമുകന്മാര്‍ പരസ്‌പരം കാണുമ്പോഴും മിണ്ടുമ്പോഴും അടുത്തിരിക്കുമ്പോഴും ഒരു സുഖാവസ്‌ഥ അനുഭവപ്പെടുന്നത്‌ ഈ ഹോര്‍മോണ്‍ ഘടകത്തിന്‍റെ  പ്രവര്‍ത്തന ഫലമാണ്‌. 
പുണരാന്‍ ഓക്‌സിടോസിന്‍

പുണരാന്‍ പ്രേരിപ്പിക്കുന്ന രാസഘടകമാണ്‌ ഓക്‌സിടോസിന്‍. ഡോപോമൈന്‍റെ  പ്രവര്‍ത്തനം മൂലം ഉണ്ടാകുന്ന ഹോര്‍മോണാണിത്‌. പിറ്റ്യൂറ്ററി ഗ്രന്ഥിയിലാണ്‌ ഇത്‌ ഉത്‌പാദിപ്പിക്കപ്പെടുന്നത്‌. അണ്ഡാശയങ്ങളിലും വൃഷണങ്ങളിലും ഈ ഹോര്‍മോണ്‍ ഉത്‌പാദിപ്പിക്കപ്പെടുന്നുണ്ട്‌. ലൈംഗിക ഉദ്ദീപനവേളകളില്‍ ആഹ്‌ളാദാനുഭവം സൃഷ്‌ടിക്കുന്നതിന്‌ ഓക്‌സിടോസിന്‍ ആവശ്യമാണ്‌. മാതൃത്വം എന്ന മാനസികാവസ്‌ഥയിലേക്ക്‌ സ്‌ത്രീയെ നയിക്കുന്നതില്‍ മുഖ്യ പങ്ക്‌ വഹിക്കുന്നത്‌ ഈ ഹോര്‍മോണാണ്‌. പുരുഷനെ മാറത്തടക്കിനിര്‍ത്തി സാന്ത്വനിപ്പിക്കാന്‍ സ്‌ത്രീയ്‌ക്ക് കഴിയുന്നതിന്‌ പിന്നിലെ രസതന്ത്രം ഇതാണ്‌. പ്രസവവും മാതൃത്വവും രതിമൂര്‍ച്‌ഛയുമായെല്ലാം പ്രണയം ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍ ഓക്‌സിടോസിന്‍ ശരിക്കും ഒരു പ്രണയഹോര്‍മോണാണെന്ന്‌പറയാം.
പ്രഥമദര്‍ശന പ്രണയവും അഡ്രിനാലിനും

ആദ്യ കാഴ്‌ചയില്‍ അനുരാഗം മൊട്ടിടുന്നതിന്‌ പിന്നിലെ മനശാസ്‌ത്രം അത്ഭുതപ്പെടുത്താത്തവര്‍ ആരുമില്ല. ഇഷ്‌ടപ്പെട്ട ആളെ അടുത്തു കാണുമമ്പാള്‍ തൊണ്ടവളരുകയും ഹൃദയമിടിപ്പ്‌ കൂടുകയും കൈപ്പത്തികള്‍ വിയര്‍ക്കുകയും കൈകാലുകള്‍ വിറയ്‌ക്കുകയും ചെയ്യുന്നത്‌ അഡ്രിനാലിന്റെ കുസൃതിയാണ്‌. മസ്‌തിഷ്‌കത്തില്‍ അഡ്രിനാലിന്‍ കൂടുതലായി ഉത്‌പാദിപ്പിക്കപ്പെടുന്നതുകൊണ്ടാണിത്‌. ഇതു മൂലം രക്‌തസമ്മര്‍ദം വര്‍ദ്ധിക്കുന്നു. ശരീരത്തില്‍ പൊടുന്നനേ മാറ്റങ്ങള്‍ കണ്ടുതുടങ്ങുകയും ചെയ്യുന്നു.
തിരിച്ചറിയാത്ത നോര്‍പിനെഫ്രൈന്‍


പ്രണയവുമായി ബന്ധപ്പെട്ട ഹോര്‍മോണുകളില്‍ പൂര്‍ണമായും തിരിച്ചറിയപ്പെടാത്ത ഹോര്‍മോണാണ്‌ നോര്‍പിനെഫ്രൈന്‍. കാര്യഗ്രഹണം, ഓര്‍മ, ഉത്‌കണ്‌ഠ തുടങ്ങിയ പ്രണയ ഭാവങ്ങളെ തൊട്ടുണര്‍ത്തുന്നത്‌ ഈ ഹോര്‍മോണിന്‌ പ്രധാന പങ്കുണ്ട്‌.

പ്രണയ തീവ്രതയ്‌ക്ക് വാസൊപ്രസിന്‍

'നീ എനിക്കു മാത്രം' എന്ന സ്വകാര്യ അഹങ്കാരത്തില്‍ കാമുകനെയും കാമുകിയെയും കൊണ്ടുചെന്നെത്തിക്കുന്നത്‌ വാസൊപ്രസിന്‍ ഹോര്‍മോണാണ്‌. സ്‌നേഹപ്രകടനങ്ങളിലോ ലൈംഗിക ബന്ധത്തിലോ ഏര്‍പ്പെടുമ്പോഴാണ്‌ ഈ ഹോര്‍മോണ്‍ കൂടുതലായി ഉത്‌പാദിപ്പിക്കുന്നത്‌. ബന്ധത്തിന്‍റെ  വൈകരിക തീവ്രത പെട്ടെന്ന്‌ കൂടുന്നു. മനുഷ്യനില്‍ ഏകഭാര്യ - ഏകഭര്‍തൃസ്വഭാവം നിലനിര്‍ത്തുന്നതിനു കാരണം മസ്‌തിഷ്‌കത്തിലെ ഈ ഹോര്‍മോണാണ്‌.

ലൈംഗികതയില്‍ ടെസ്‌റ്റോസ്‌റ്റിറോണ്‍

പുരുഷ ഹോര്‍മോണാണ്‌ ടെസ്‌റ്റോസ്‌റ്റിറോണെങ്കിലും പ്രണയകാര്യത്തില്‍ ഇരു ലിംഗക്കാരിലും ഒരുപോലെയാണിത്‌. പേശിവളര്‍ച്ചയിലും ലൈംഗിക ശേഷിയിലുംനിര്‍ണായക സ്വാധീനമാണ്‌ ഈ ഹോര്‍മോണിനുള്ളത്‌. പ്രണയവും ലൈംഗികതാത്‌പര്യവും ഉണ്ടാകുമ്പോള്‍ ടെസ്‌റ്റോസ്‌റ്റിറോണ്‍ ഉത്‌പാദിപ്പിക്കപ്പെടുന്നു. പ്രണയം എന്നവികാരത്തില്‍ മനസിനെ ശരീരവുമായി ബന്ധപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത്‌ ഈ ഹോര്‍മോണുകളാണ്‌. കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കുമ്പോള്‍ ചുണ്ടോടു ചുണ്ടു ചേര്‍ക്കുമ്പോള്‍, ആള്‍ക്കൂട്ടത്തില്‍ ഇഷ്‌ടമുഖം കാണുമ്പോള്‍ മനസിനെ പ്രണയ തരളിതമാക്കുന്നത്‌ അതി സങ്കീര്‍ണമായ ഈ രാസമാറ്റങ്ങളുടെ ഫലമാണ്‌. 

കടപ്പാട്‌: ഡോ. ഹെലന്‍ ഫിഷര്‍, ക്രിസ്‌റ്റഫ്‌ മാക്കെസ്‌റ്റ്യൂസ്‌
സമ്പാ :ഫൈസല്‍ ബക്കര്‍ പള്ളിമുറ്റത്ത്‌ 

Monday, 26 April 2010

ഭാര്യയുടെ ബാധ്യതകള്‍


ഭാര്യയുടെ ബാധ്യതകള്‍

സ്ത്രീക്ക്‌ ഏറ്റവും കൂടുതല്‍ കടപ്പാടുകളും ബാധ്യതകളുമുള്ളത്‌ ഭര്‍ത്താവിനോടാണ്‌. അദ്ദേഹത്തെ അവള്‍ ബഹുമാനിക്കുകയും സ്നേഹിക്കുകയും അനുസരിക്കുകയും വേണം. പ്രവാചകന്‍(സ) പറഞ്ഞു: 'ഒരു വ്യക്തിയോട്‌ മറ്റൊരു വ്യക്തിക്ക്‌ സുജൂദ്‌ ചെയ്യാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നെങ്കില്‍ സ്ത്രീയോട്‌ തന്റെ ഭര്‍ത്താവിന്‌ മുമ്പില്‍ സുജൂദ്‌ ചെയ്യാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നു' (അബൂദാവൂദ്‌, തിര്‍മുദി). ആഇശ(റ)യില്‍നിന്ന്‌ നിവേദനം: അവര്‍ പ്രവാചകനോട്‌ ചോദിച്ചു: 'ഒരു സ്ത്രീക്ക്‌ ഏറ്റവും കൂടുതല്‍ കടപ്പാട്‌ ആരോടാണ്‌?' അവിടുന്ന്‌ പറഞ്ഞു: 'ഭര്‍ത്താവിനോട്‌' അവര്‍ ചോദിച്ചു: പുരുഷന്‌ ഏറ്റവും കൂടുതല്‍ കടപ്പാട്‌ ആരോടാണ്‌? പ്രവാചകന്‍ (സ) പറഞ്ഞു: 'മാതാവിനോട്‌' (ഹാകിം). സ്ത്രീയുടെ സ്വര്‍ഗ നരകങ്ങള്‍ തീരുമാനിക്കുന്നതില്‍ ഭര്‍ത്താവിനോടുള്ള സമീപനത്തിന്‌ സാരമായ പങ്കുണ്ട ്‌: ഒരിക്കല്‍ പ്രവാചകന്‍ ഒരു സ്വഹാബിവനിതയെ ഇപ്രകാരം ഉപദേശിക്കുകയുണ്ട ാ‍യി: 'ഭര്‍ത്താവ്‌ നിന്റെ സ്വര്‍ഗവും നരകവുമാണ്‌' (അഹ്മദ്‌, മജ്മഉസ്സവാഇദ്‌).

അനുസരണം

അല്ലാഹുവിനും റസൂലിനും വിരുദ്ധമാവാത്ത വിഷയങ്ങളിലെല്ലാം വധു വരനെ അനുസരിക്കല്‍ നിര്‍ബന്ധമാണ്‌. നല്ല സ്ത്രീകളുടെ സവിശേഷതകള്‍ ഖുര്‍ആന്‍ ഇപ്രകാരം വ്യക്തമാക്കുന്നു: 'ഉത്തമ വനിതകള്‍ അനുസരണ സ്വഭാവമുള്ളവരും രഹസ്യങ്ങള്‍ സൂക്ഷിക്കുന്നവരുമാണ്‌' (4:34).
ശ്രേഷ്ഠസ്ത്രീയെ കുറിച്ച്‌ പ്രവാചകന്‍(സ) പറഞ്ഞു: 'നീ കടാക്ഷിച്ചാല്‍ നിന്നെ സന്തോഷിപ്പിക്കുകയും നീ കല്‍പിച്ചാല്‍ നിന്നെ അനുസരിക്കുകയും നിന്റെ അഭാവത്തില്‍ നിന്റെ ധനവും സ്വന്തം ശരീരവും സംരക്ഷിക്കുകയും ചെയ്യുന്നവളാണ്‌ ഏറ്റവും ശ്രേഷ്ഠയായ സ്ത്രീ.' മറ്റൊരു പ്രവാചക വചനം ഇങ്ങനെയാണ്‌: 'മൂന്നു പേരെ നരകം സ്പര്‍ശിക്കുകയില്ല. ഭര്‍ത്താവിനെ അനുസരിക്കുന്ന സ്ത്രീ, മാതാപിതാക്കള്‍ക്ക്‌ നന്മ ചെയ്യുന്ന മകന്‍, അല്ലാഹുവിനോടും യജമാനനോടുമുള്ള ബാധ്യതകള്‍ നിര്‍വഹിക്കുന്ന ഭൃത്യന്‍.'
സമ്പന്നതയിലും ദാരിദ്ര്യത്തിലും ഭര്‍ത്താവിനോടുള്ള കടപ്പാടുകള്‍ പൂര്‍ത്തീകരിക്കുകയും അയാളുടെ അവകാശങ്ങള്‍ അംഗീകരിച്ചുകൊടുക്കുകയും വേണം. ഭര്‍ത്താവിനെ ധിക്കരിക്കുകയും അദ്ദേഹം ചെയ്യുന്ന കാര്യങ്ങളെ വിമര്‍ശിക്കുകയും നല്‍കുന്നതിനെ ശപിക്കുകയും ചെയ്യുന്ന സ്ത്രീകളെ കുറിച്ച്‌ നബി(സ) പറഞ്ഞു: 'ഞാന്‍ നരകത്തിലേക്ക്‌ നോക്കി. അപ്പോള്‍ അതില്‍ സ്ത്രീകളെയാണ്‌ ഞാന്‍ അധികമായി കണ്ട ത്‌. ഭര്‍ത്താവിനോട്‌ നന്ദികേട്‌ കാണിച്ചവരാണവര്‍. ജീവിതകാലം മുഴുവന്‍ നീ അവള്‍ക്ക്‌ നന്മ ചെയ്താലും നിന്നില്‍നിന്ന്‌ ഒരു ന്യൂനത കണ്ട ാ‍ല്‍ ഉടന്‍ അവള്‍ പറയും: 'നിങ്ങളില്‍നിന്ന്‌ എനിക്ക്‌ ഇതുവരെ ഒരു ഗുണവും കിട്ടിയിട്ടില്ല' (ബുഖാരി, മുസ്ലിം). ഭര്‍ത്താവിനോട്‌ ഗുണകാംക്ഷ കാണിക്കുന്ന സ്ത്രീകളെ പ്രവാചകന്‍ പ്രശംസിച്ചിട്ടുണ്ട ്‌. ഒരിക്കല്‍ അവിടുന്ന്‌ പറഞ്ഞു: 'നിങ്ങളുടെ സ്ത്രീകള്‍ സ്വര്‍ഗാവകാശികളാണ്‌. അവര്‍ കൂടുതല്‍ സന്താന സൗഭാഗ്യമുള്ളവരും സ്നേഹമുള്ളവരുമാണ്‌. ന്യായമല്ലാത്തത്‌ വല്ലതും സംഭവിച്ചാല്‍ അവള്‍ തന്റെ ഭര്‍ത്താവിനെ സമീപിച്ച്‌ തന്റെ കൈ അയാളുടെ കൈയില്‍വെച്ച്‌ ഇങ്ങനെ പറയും: 'നിങ്ങള്‍ സംതൃപ്തനാകും വരെ ഞാന്‍ ഉറങ്ങുകയില്ല' (മജ്മഉസ്സവാഇദ്‌).

സഹശയനം

ഭാര്യ ഭര്‍ത്താവിനോടൊന്നിച്ച്‌ കഴിയേണ്ട വളാണ്‌. അദ്ദേഹത്തിന്റെ അനുവാദമില്ലാതെ വീട്ടില്‍നിന്ന്‌ പുറത്തുപോവാനോ കിടപ്പറയില്‍ വെച്ച്‌ അദ്ദേഹവുമായി നിസ്സഹകരിക്കാനോ പാടില്ല. പ്രവാചകന്‍ പറഞ്ഞു: 'ആജ്ഞകള്‍ അനുസരിക്കല്‍, അവകാശങ്ങള്‍ അംഗീകരിക്കല്‍, വിരിപ്പില്‍നിന്ന്‌ വിട്ടകലാതിരിക്കല്‍, അനുവാദമില്ലാതെ പുറത്തുപോകാതിരിക്കല്‍, ഭര്‍ത്താവിന്‌ ഇഷ്ടമില്ലാത്തവരെ അകത്തു പ്രവേശിപ്പിക്കാതിരിക്കല്‍ ഇവയെല്ലാം ഭാര്യയുടെ മേലുള്ള ഭര്‍ത്താവിന്റെ അവകാശങ്ങളാണ്‌' (ത്വബ്‌റാനി). ഇബ്നു ഉമറി(റ)ല്‍നിന്ന്‌ നിവേദനം: 'സ്വന്തം ശരീരത്തെ ഭര്‍ത്താവിന്‌ വിലക്കാതിരിക്കല്‍ ഭാര്യക്ക്‌ ഭര്‍ത്താവിനോടുള്ള ബാധ്യതയാകുന്നു. അതൊരു ചെറിയ ഒട്ടകപ്പല്ലക്കില്‍ വെച്ചായാല്‍ പോലും!' (അബൂദാവൂദ്‌, ബൈഹഖി). ഭര്‍ത്താവുമായി നിസ്സഹകരിക്കുന്ന സ്ത്രീയെ പ്രഭാതം വരെ മലക്കുകള്‍ ശപിച്ചുകൊണ്ട ി‍രിക്കുമെന്ന്‌ ഹദീസുകളില്‍ കാണാം.

ഗാര്‍ഹിക ജോലികള്‍ നിര്‍വഹിക്കല്‍

സ്ത്രീക്ക്‌ ചെലവിന്‌ കൊടുക്കല്‍ പുരുഷന്റെ ബാധ്യതയാണെന്നതുപോലെ ഭര്‍ത്താവിനെ സേവിക്കുകയും അദ്ദേഹത്തിന്റെ വീട്ടിലെ ജോലികള്‍ നിര്‍വഹിക്കുകയും ചെയ്യല്‍ ഭാര്യയുടെ ബാധ്യതയാണ്‌. പ്രവാചക പുത്രി ഫാത്വിമ(റ) ഗൃഹജോലികളില്‍ പ്രയാസപ്പെടുകയും അവരുടെ കൈകളില്‍ പണിയുടെ പാടുകള്‍ പതിയുകയും ചെയ്തിരുന്നു. എന്നിട്ടും നബി(സ) അവരെ ആശ്വസിപ്പിക്കുകയും ഭര്‍തൃസേവനം തുടരാന്‍ ആവശ്യപ്പെടുകയുമാണ്‌ ചെയ്തത്‌. ഇമാം ഗസ്സാലി(റ) പറയുന്നു: 'വീട്ടുജോലികളെല്ലാം സാധ്യമാംവിധം നിര്‍വഹിക്കല്‍ ഭാര്യയുടെ ബാധ്യതകളില്‍ പെടുന്നു.'

ഗൃഹ ഭരണം

വീടിന്റെ ആഭ്യന്തര ഭരണവും കാര്യ നിര്‍വഹണവും സ്ത്രീയുടെ ഉത്തരവാദിത്വത്തില്‍ പെട്ടതാണ്‌. പ്രവാചകന്‍(സ) പറഞ്ഞു: 'സ്ത്രീ ഭര്‍തൃഭവനത്തിലെ ഭരണാധികാരിയാണ്‌. വീട്ടിലുള്ളവരെക്കുറിച്ച്‌ തീര്‍ച്ചയായും അവള്‍ ചോദിക്കപ്പെടുന്നതാണ്‌' (ബുഖാരി, മുസ്ലിം). വീടിന്റെ സംരക്ഷണവും കുട്ടികളെ വളര്‍ത്തലും ഭാര്യയുടെ ചുമതലയാണ്‌. ഭര്‍ത്താവ്‌ സമ്പാദിച്ചുകൊണ്ട ു‍വരുന്ന ധനം ന്യായമായ രീതിയില്‍ ചെലവഴിക്കാനും ദാനം ചെയ്യാനും അവള്‍ക്ക്‌ അവകാശമുണ്ട്‌.

സമ്പാ :ഫൈസല്‍ ബക്കര്‍ പള്ളിമുറ്റത്ത് 
 

Sunday, 18 April 2010

വിവാഹം ഇസ്ലാമില്‍


വിവാഹം ഇസ്ലാമില്‍
സ്ത്രീയും പുരുഷനും തമ്മിലുള്ള ശാരീരികവും മാനസികവും ആത്മീയവുമായ പങ്കുവെപ്പിന്റെ ഉദാത്തമായ അവസ്ഥയാണ്‌ വിവാഹം. ജീവിതത്തിലെ സംഘര്‍ഷങ്ങളില്‍നിന്നും പിരിമുറുക്കങ്ങളില്‍നിന്നുമുള്ള സമ്പൂര്‍ണമായ വിമോചനവും വിവരണാതീതമായ സംതൃപ്തിയും സമാധാനവുമാണ്‌ വൈവാഹിക ജീവിതത്തിലൂടെ ഇസ്ലാം ലക്ഷ്യമാക്കുന്നത്‌. ഖുര്‍ആന്‍ ഈ വസ്തുത ഇപ്രകാരം വിശദീകരിക്കുന്നു: 'നിങ്ങള്‍ക്ക്‌ സമാധാനപൂര്‍വം ഒത്തുചേരേണ്ട തിനായി നിങ്ങളില്‍നിന്നുതന്നെ ഇണകളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും നിറക്കുകയും ചെയ്തത്‌ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും ചിന്തിക്കുന്ന ജനത്തിന്‌ അതില്‍ ദൃഷ്ടാന്തങ്ങളുണ്ട് '(30:21).
വിവാഹം ഒരു പുണ്യകര്‍മം
ബ്രഹ്മചര്യത്തെയോ സന്യാസത്തെയോ ഇസ്ലാം അംഗീകരിക്കുന്നില്ല; വൈവാഹിക ബന്ധത്തെയും കുടുംബ ജീവിതത്തെയും പ്രോത്സാഹിപ്പിക്കുന്നു. പ്രവാചകന്‍(സ) പറഞ്ഞു: 'അല്ലയോ, യുവ സമൂഹമേ, നിങ്ങളില്‍ വിവാഹം കഴിക്കാന്‍ പ്രാപ്തിയുള്ളവര്‍ അപ്രകാരം ചെയ്യട്ടെ. തീര്‍ച്ചയായും നിങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കുന്നതിനും ലൈംഗിക വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനും അത്‌ കാരണമായിത്തീരും (ബുഖാരി, മുസ്ലിം).
'വല്ലവനും വിവാഹിതനായാല്‍ മതത്തിന്റെ പാതി അവന്‍ പൂര്‍ത്തീകരിച്ചു. പിന്നീട്‌, അവശേഷിക്കുന്ന അര്‍ധാംശത്തില്‍ അവന്‍ അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളട്ടെ' (ബൈഹഖി). വിവാഹം വേണ്ടെന്നും ഭൗതിക സുഖങ്ങള്‍ ഉപേക്ഷിക്കുകയാണെന്നും ശപഥം ചെയ്തുകൊണ്ട്  പ്രവാചകന്റെ മുമ്പില്‍വന്ന ചിലരോട്‌ അവിടുന്ന്‌ പ്രതികരിച്ചത്‌ ഇപ്രകാരമായിരുന്നു: 'അറിയുക; നിങ്ങളില്‍ ഏറ്റവും കൂടുതല്‍ അല്ലാഹുവിനോട്‌ ഭക്തിയും സൂക്ഷ്മതയുമുള്ളവന്‍ ഞാനാണ്‌. ഞാന്‍ നോമ്പനുഷ്ഠിക്കുകയും നോമ്പ്‌ മുറിക്കുകയും ചെയ്യാറുണ്ട് . രാത്രി ഉറങ്ങുകയും നമസ്കരിക്കുകയും ചെയ്യുന്നു. വിവാഹം കഴിച്ചിട്ടുമുണ്ട് . അതിനാല്‍ , ആര്‍ എന്റെ മാര്‍ഗത്തോട്‌ വിപ്രതിപത്തി കാണിക്കുന്നുവോ അവന്‍ നമ്മില്‍ പെട്ടവനല്ല' (ബുഖാരി, മുസ്ലിം).
സുദൃഢമായ കരാര്‍
'സുദൃഢമായ കരാര്‍ ' എന്നാണ്‌ വൈവാഹിക ബന്ധത്തെ ഖുര്‍ആന്‍ വിശേഷിപ്പിച്ചിരിക്കുന്നത്‌ (4:21). എല്ലാ കരാറുകളും പൂര്‍ത്തീകരിക്കാന്‍ കടപ്പെട്ടവരാണ്‌ വിശ്വാസികള്‍ . എന്നാല്‍ കരാറുകളില്‍ ഏറ്റവും ഗുരുതരമായ കരാര്‍ വിവാഹ ഉടമ്പടിയാണ്‌. പ്രവാചകന്‍(സ) പറഞ്ഞു: 'ലൈംഗിക ബന്ധം നിയമവിധേയമാവാന്‍ വേണ്ടി  നിങ്ങള്‍ നടത്തുന്ന കരാറാണ്‌ ഉടമ്പടികളില്‍വെച്ച്‌ പാലിക്കാന്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടത്‌' (ബുഖാരി).
പരസ്പരം കാണല്‍
വിവാഹിതരാവാന്‍ പോവുന്ന സ്ത്രീയും പുരുഷനും പരസ്പരം കാണുകയും തൃപ്തിപ്പെടുകയും ചെയ്യേണ്ടതുണ്ട് . ദാമ്പത്യജീവിതം ഭദ്രവും സന്തോഷപ്രദവുമാകാന്‍ അത്‌ അനിവാര്യമാണ്‌. പ്രവാചകന്‍(സ) പറഞ്ഞു: 'നിങ്ങളിലാരെങ്കിലും വിവാഹാന്വേഷണം നടത്തുകയാണെങ്കില്‍ ആ വിവാഹത്തിന്‌ പ്രചോദകമായ വല്ലതും അവളിലുണ്ടോ  എന്ന്‌ നോക്കാന്‍ സാധിച്ചാല്‍ അങ്ങനെ ചെയ്യട്ടെ' (അഹ്മദ്‌, അബൂദാവൂദ്‌). മുഗീറത്തുബ്നു ശുഅ്ബ(റ)യില്‍നിന്ന്‌: അദ്ദേഹം ഒരു സ്ത്രീയെ വിവാഹാലോചന നടത്തി. അപ്പോള്‍ നബി(സ) നിര്‍ദേശിച്ചു: 'നീ അവളെ കാണുക. നിങ്ങള്‍ക്കിടയില്‍ യോജിപ്പും ചേര്‍ച്ചയുമുണ്ടാവാന്‍ ഏറ്റവും നല്ലത്‌ അതത്രെ' (അഹ്മദ്‌, ഇബ്നു മാജ)
.വധുവിന്റെ സമ്മതം
സ്ത്രീയുടെ സമ്മതമോ അനുവാദമോ ആരായാതെ നടത്തപ്പെടുന്ന ഏകപക്ഷീയമായ വിവാഹങ്ങളെ ഇസ്ലാം അംഗീകരിക്കുന്നില്ല. ഇണകളുടെ മനഃപൊരുത്തം അന്വേഷിക്കുകയും അവര്‍ക്ക്‌ തൃപ്തികരമെങ്കില്‍ മാത്രം വിവാഹം നടത്തുകയും ചെയ്യുന്നതിനെയാണ്‌ ദീന്‍ അനുകൂലിക്കുന്നത്‌. പ്രവാചകന്‍(സ) പ്രസ്താവിച്ചു: 'വിധവയുടെ കാര്യം തീരുമാനിക്കാനുള്ള അധികാരം അവള്‍ക്കുതന്നെയാണ്‌; രക്ഷിതാവിനല്ല. കന്യകയെ വിവാഹം ചെയ്തുകൊടുക്കുമ്പോള്‍ അവളുടെ സമ്മതം ആരായേണ്ടതുമുണ്ട് ' അനുചരന്മാര്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, കന്യകയുടെ സമ്മതം എങ്ങനെയാണ്‌ അറിയാന്‍ കഴിയുക?' അവിടുന്ന്‌ പറഞ്ഞു: 'അവളുടെ മൗനം സമ്മതമായി കണക്കാക്കേണ്ടതാണ്‌' (മുസ്ലിം, തിര്‍മുദി)
.ആദര്‍ശപ്പൊരുത്തം
ഇണയെ തെരഞ്ഞെടുക്കുമ്പോള്‍ ആദര്‍ശപ്പൊരുത്തത്തിനും ദീനീനിഷ്ഠക്കും മുന്‍ഗണന കല്‍പിക്കണമെന്ന്‌ പ്രവാചകന്‍(സ) ഉണര്‍ത്തിയിട്ടുണ്ട് . 'നാലു കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണ്‌ സ്ത്രീകള്‍ വിവാഹം ചെയ്യപ്പെടാറുള്ളത്‌. ധനം, തറവാട്‌, സൗന്ദര്യം, ദീനീ നിഷ്ഠ എന്നിവയാണത്‌. നിങ്ങള്‍ മതനിഷ്ഠയുള്ളവളെ വിവാഹം ചെയ്യുകയും വിജയം നേടുകയും ചെയ്യുവിന്‍' (ബുഖാരി, മുസ്ലിം, അബൂദാവൂദ്‌). ധനം, തറവാട്‌, സൗന്ദര്യം എന്നിവ സ്ഥായിയല്ല. അവ ഏറിയും കുറഞ്ഞുമിരിക്കും. കുലമഹിമ ആപേക്ഷികമാണ്‌. കുടുംബങ്ങളിലുണ്ടാവുന്ന ഏതെങ്കിലും അപമാനകരമായ സംഭവങ്ങളാല്‍ മഹിമ നഷ്ടപ്പെടാം. സൗന്ദര്യവും അപ്രകാരം തന്നെ. രോഗമോ വാര്‍ധക്യമോ കാരണമായി അതും നഷ്ടപ്പെടാം. അതുകൊണ്ടെല്ലാമാണ്‌ മതനിഷ്ഠയുള്ളവളെ മുറുകെപിടിച്ച്‌ വിജയം നേടാന്‍ പ്രവാചകന്‍(സ) മുന്നറിയിപ്പ്‌ നല്‍കുന്നത്‌. 'ഇഹലോകം മുഴുവന്‍ വിഭവമാണ്‌; അതിലെ ഏറ്റവും മികച്ച വിഭവം സദ്‌വൃത്തയായ സ്ത്രീയാണ്‌' (മുസ്ലിം). അബൂ ഉമാമ(റ)യില്‍നിന്ന്‌ നിവേദനം: നബി(സ) പറഞ്ഞു: 'സത്യവിശ്വാസിക്ക്‌ അല്ലാഹുവിനെ കുറിച്ച സൂക്ഷ്മത കഴിഞ്ഞാല്‍ പിന്നീട്‌ ഏറ്റവുമധികം ഗുണം ചെയ്യുക, സദ്‌വൃത്തയായ സഹധര്‍മിണിയാണ്‌' (ഇബ്നുമാജ).
പുരുഷന്റെ കാര്യത്തിലും ആദര്‍ശപ്പൊരുത്തം പരിഗണിക്കണമെന്ന്‌ ഇസ്ലാം ഓര്‍മപ്പെടുത്തുന്നു. പ്രവാചകന്‍(സ) പറഞ്ഞു: 'തൃപ്തികരമായ മതനിഷ്ഠയും സംസ്കാരവുമുള്ള ഒരാള്‍ നിങ്ങളോട്‌ വിവാഹാലോചന നടത്തിയാല്‍ അയാള്‍ക്കു നിങ്ങള്‍ വിവാഹം ചെയ്തുകൊടുക്കുക. അപ്രകാരം ചെയ്യുന്നില്ലെങ്കില്‍ ഭൂമിയില്‍ വമ്പിച്ച കുഴപ്പവും നാശവുമുണ്ടാ യിത്തീരും' (തിര്‍മുദി)
രക്ഷാകര്‍തൃത്വം
വിവാഹ കര്‍മത്തിലെ ഒരു പ്രധാന കണ്ണിയാണ്‌ വലിയ്യ്  അഥവാ രക്ഷാധികാരി. ഉത്തരവാദപ്പെട്ട ഒരു വ്യക്തിയില്‍നിന്നായിരിക്കണം പുരുഷന്‍ തന്റെ ഭാര്യയെ ഏറ്റെടുക്കേണ്ട ത്‌. പ്രവാചകന്‍(സ) പറഞ്ഞു: 'വലിയ്യ്  കൂടാതെ വിവാഹം സാധുവാകുകയില്ല.' വധുവിന്റെ ഏറ്റവും അടുത്ത ബന്ധുവായിരിക്കും അവളുടെ വലിയ്യ്‌. പിതാവ്‌, പിതാമഹന്‍, പിതൃവ്യന്‍, സഹോദരന്‍ എന്നിങ്ങനെയാണ്‌ അതിന്റെ മുന്‍ഗണനാക്രമം. ഒരു സ്ത്രീക്ക്‌ രക്ഷാധികാരികള്‍ ഇല്ലാതിരിക്കുകയോ ഉള്ള രക്ഷാധികാരികള്‍ തന്നെ വിവാഹം ചെയ്തുകൊടുക്കാന്‍ സന്നദ്ധരാവാതിരിക്കുകയോ ചെയ്യുന്ന ഘട്ടത്തില്‍ അവള്‍ക്ക്‌, തന്നെ വിവാഹം ചെയ്തുകൊടുക്കാനുള്ള അവകാശം മറ്റൊരാളെ ഏല്‍പിക്കാവുന്നതാണ്‌. അത്‌ അധികാരിയോ അല്ലെങ്കില്‍ തനിക്കിഷ്ടപ്പെട്ട മറ്റുവല്ലവരുമോ ആകാവുന്നതാണ്‌. അതുപോലെതന്നെ, ഇത്തരം വിഷമാവസ്ഥകളില്‍ അധികാരിക്ക്‌ സ്വയം അവളുടെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കുകയും ചെയ്യാവുന്നതാണ്‌.
വിവാഹമൂല്യം
വിവാഹത്തോടനുബന്ധിച്ച്‌ നിര്‍ബന്ധമായും വരന്‍ വധുവിന്‌ നല്‍കേണ്ട വിവാഹ മൂല്യമാണ്‌ 'മഹ്ര്.' ചെറുതും വലുതുമായ എന്തും മഹ്‌റായി നല്‍കാം. പണമോ സ്വര്‍ണാഭരണങ്ങളോ തൊഴിലുപകരണങ്ങളോ എന്തുമാവാം. സ്ത്രീയെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിന്റെ പ്രതീകമാണ്‌ മഹ്ര്. ഖുര്‍ആന്‍ വ്യക്തമാക്കുന്നു: 'അവരുടെ രക്ഷിതാക്കളുടെ അനുമതിയോടെ അവരെ നിങ്ങള്‍ വിവാഹം ചെയ്യുക. അവരുടെ വിവാഹമൂല്യം ന്യായമായ നിലയില്‍ നിങ്ങള്‍ അവര്‍ക്ക്‌ നല്‍കുകയും ചെയ്യുക' (4:25). 'സ്ത്രീകള്‍ക്ക്‌ അവരുടെ വിവാഹമൂല്യം മനഃസംതൃപ്തിയോടെ നിങ്ങള്‍ നല്‍കേണ്ട താണ്‌' (4:4). അക്രമം, ചതി, അന്യായമായ പ്രേരണ, അവിഹിത മാര്‍ഗം എന്നിവയിലൂടെ വിവാഹമൂല്യം മടക്കിയെടുക്കാന്‍ ശ്രമിക്കുന്നത്‌ ഗുരുതരമായ കുറ്റമാണ്‌: അല്ലാഹു ചോദിക്കുന്നു: 'വ്യാജാരോപണം നടത്തിയും വ്യക്തമായ കുറ്റമായിക്കൊണ്ടും  നിങ്ങള്‍ അത്‌ തിരിച്ചു വാങ്ങുകയോ? നിങ്ങളന്യോന്യം അലിഞ്ഞുചേരുകയും അവര്‍ നിങ്ങളില്‍നിന്ന്‌ സുദൃഢമായ കരാര്‍ വാങ്ങുകയും ചെയ്തതിന്‌ ശേഷം എങ്ങനെയാണ്‌ നിങ്ങളത്‌ തിരിച്ചെടുക്കുക? (4:20-21).
വരന്റെ സാധ്യത, വധുവിന്റെ യോഗ്യത എന്നിവ പരിഗണിച്ചാണ്‌ വിവാഹമൂല്യം തീരുമാനിക്കേണ്ട ത്‌. വിവാഹ സമയത്തുതന്നെ മഹ്ര് നല്‍കുന്നതാണ്‌ കൂടുതല്‍ നല്ലത്‌; എന്നാല്‍ വിവാഹം കഴിഞ്ഞതിന്‌ ശേഷവും ആകാവുന്നതാണ്‌.
വിവാഹകര്‍മം
ലളിതവും അനായാസവുമാണ്‌ ഇസ്ലാമിലെ വിവാഹകര്‍മം. വരന്‍, വധുവിന്റെ രക്ഷിതാവ്‌, രണ്ട്  സാക്ഷികള്‍ - ഇത്രയും മതി ഒരു വിവാഹം നടക്കാന്‍. വധുവിന്റെ രക്ഷിതാവ്‌ വരനോട്‌ 'എന്റെ അധീനതയിലുള്ള ഇന്ന സ്ത്രീയെ ഞാന്‍ താങ്കള്‍ക്ക്‌ വിവാഹം ചെയ്തു തന്നിരിക്കുന്നു' എന്നു പറയുകയും അതിനു മറുപടിയായി വരന്‍ 'ഞാന്‍ അത്‌ സ്വീകരിച്ചിരിക്കുന്നു' എന്നു പറയുകയും ചെയ്യണം. നീതിമാന്മാരായ രണ്ട് പേര്‍ ഈ കര്‍മത്തിന്‌ സാക്ഷികളായി ഉണ്ടായിരിക്കണം. പ്രവാചകന്‍(സ) പറഞ്ഞു: 'നീതിമാന്മാരായ രണ്ട്  സാക്ഷികളും വലിയ്യും ഇല്ലാതെ വിവാഹം ശരിയാവുകയില്ല' (ദാറുഖുത്നി)
വിവാഹ ഖുത്ബ
വിവാഹ വേളയില്‍ വൈവാഹിക ബന്ധത്തെക്കുറിച്ചും മറ്റും സന്ദര്‍ഭോചിതമായി ഒരു ചെറിയ പ്രസംഗം നടത്തുന്നതിന്‌ വിരോധമില്ല. ശ്രോതാക്കള്‍ക്ക്‌ മനസ്സിലാവുന്ന ഭാഷയിലും ശൈലിയിലുമായിരിക്കണം അത്‌. അബ്ദുല്ല(റ)യില്‍നിന്ന്‌ നിവേദനം: 'അല്ലാഹുവിന്റെ ദൂതന്‍ ഞങ്ങള്‍ക്ക്‌ വിവാഹ പ്രസംഗം പഠിപ്പിക്കുകയുണ്ടായി' (അബൂദാവൂദ്‌).
വിവാഹ സദ്യ
ലളിതമായ രീതിയില്‍ വരന്‍ തന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും വേണ്ടി  ഒരു വിവാഹ സദ്യ നടത്തുന്നതും പ്രവാചക മതൃകയില്‍ പെട്ടതാണ്‌. ധൂര്‍ത്തും ദുര്‍വ്യയവും പൊങ്ങച്ച പ്രകടനവുമാവരുത്‌ അതിന്റെ ലക്ഷ്യം. പ്രവാചകന്‍(സ) പറഞ്ഞു: 'ഒരു ആടിനെ അറുത്തെങ്കിലും വിവാഹസദ്യ നടത്തുക (മുസ്ലിം).

സമ്പാ : ഫൈസല്‍ ബക്കര്‍ പള്ളിമുറ്റത്ത് 
 

സന്താന പരിപാലനം




സന്താന പരിപാലനം

ദാമ്പത്യ ജീവിതത്തന്‍റെ  സദ്ഫലങ്ങളായ സന്താനങ്ങളെ ഇസ്ലാമിക നിയമങ്ങള്‍ക്കനുസൃതമായി വളര്‍ത്തല്‍ മാതാപിതാക്കളുടെ ബാധ്യതയാണ്‌. ജനിച്ചാല്‍ കുഞ്ഞിന്‌ ഉത്തമ നാമകരണം ചെയ്യുന്നതു മുതല്‍ ഉദാത്തമായ വിശ്വാസങ്ങളും ഉത്തമ സ്വഭാവ ഗുണങ്ങളും ഉല്‍കൃഷ്ട വ്യക്തിത്വവും അവരിലുളവാക്കുന്നത്‌ വരെ ഒട്ടേറെ ഉത്തരവാദിത്വങ്ങള്‍ അവര്‍ക്കുണ്ട്‌. ആ ഉത്തരവാദിത്വത്തില്‍നിന്ന്‌ ഒഴിഞ്ഞു മാറുന്നതു മൂലമുള്ള കുഴപ്പങ്ങള്‍ കുടുംബത്തിന്‍റെത്  മാത്രമല്ല; സമൂഹത്തിന്‍റെത് കൂടിയാകുന്നു.

മുലയൂട്ടല്‍

കുഞ്ഞിന്‌ മുലപ്പാല്‍ നല്‍കുക എന്നത്‌ മാതാപിതാക്കളുടെ ബാധ്യതയാണ്‌. അല്ലാഹു പറയുന്നു; 'മാതാക്കള്‍ രണ്ട്  വര്‍ഷം പൂര്‍ണമായി തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ മുലയൂട്ടിക്കൊള്ളട്ടെ. മുലയൂട്ടല്‍ പൂര്‍ത്തിയാക്കാനാഗ്രഹിക്കുന്നവര്‍ക്കാണിത് . പിതാവ്‌ (മുലയൂട്ടന്ന മാതാക്കള്‍ക്ക്‌) ന്യായമായ നിലയില്‍ ഭക്ഷണവും വസ്ത്രവും നല്‍കേണ്ടതാണ്‌' (2:233). മുലപ്പാല്‍ നല്‍കുന്നത്‌ കേവലം കുഞ്ഞിന്‍റെ  വിശപ്പടക്കാന്‍ വേണ്ടി  മാത്രമല്ല; അതൊരു ആത്മീയബന്ധം കൂടിയാണ്‌. അതുകൊണ്ടാണ്‌ മാതാവല്ലാത്തവര്‍ കുഞ്ഞിന്‌ മുലപ്പാല്‍ നല്‍കിയാല്‍ അവരെ സ്വന്തം മാതാവിനെ പോലെ പരിഗണിക്കണമെന്നും അവരുടെ പെണ്‍മക്കളെ സ്വന്തം സഹോദരിമാരായി കാണണമെന്നും ഇസ്ലാം അനുശാസിക്കുന്നത്‌.

നാമകരണം

കുഞ്ഞിന്‌ നല്ലപേര്‌ നല്‍കല്‍ മാതാപിതാക്കളുടെ ചുമതലയാണ്‌. പ്രവാചകന്‍(സ) പറഞ്ഞു: 'അന്ത്യനാളില്‍ നിങ്ങള്‍ വിളിക്കപ്പെടുക നിങ്ങളുടെയും പിതാക്കളുടെയും പേരിലായിരിക്കും. അതിനാല്‍ നിങ്ങളുടെ പേരുകള്‍ നന്നാക്കിത്തീര്‍ക്കുവിന്‍' (അബൂദാവൂദ്‌).

അഖീഖയറുക്കല്‍

കുട്ടികളുടെ ജനനത്തോടനുബന്ധിച്ച്‌ അനുഷ്ഠിക്കേണ്ട ഒരു ഐഛിക പുണ്യകര്‍മമാണ്‌ അഖീഖയറുക്കല്‍. കുഞ്ഞ്‌ പിറന്നതിന്‍റെ  ഏഴാം നാളിലോ അല്ലെങ്കില്‍ സൗകര്യപ്രദമായ മറ്റേതെങ്കിലും ദിവസത്തിലോ ഒരു മൃഗത്തെ അറുത്ത്‌ മാംസം ദാനം ചെയ്യുക എന്നതാണത്‌. ഏഴാംനാള്‍ മുടികളഞ്ഞ്‌, പേരിട്ട്‌, അഖീഖയറുക്കുക എന്നതാണ്‌ പ്രവാചക കല്‍പന. ആണ്‍കുട്ടിക്ക്‌ വേണ്ടി  രണ്ടാടിനെയും പെണ്‍കുട്ടിക്കുവേണ്ടി  ഒരാടിനെയും അറുക്കണമെന്ന്‌ ആഇശ(റ)യില്‍നിന്ന്‌ നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം. ആണ്‍കുട്ടിക്ക്‌ രണ്ടാടും പെണ്‍കുട്ടിക്ക്‌ ഒരാടും എന്നു പറഞ്ഞത്‌ ആണ്‍കുട്ടിയുടെ പദവി വെളിപ്പെടുത്തുന്നതാകാം. എന്നാല്‍ ഹസന്‍(റ), ഹുസൈന്‍(റ) എന്നിവര്‍ക്കു വേണ്ടി  നബി(സ) ഓരോ ആടുകളെ വീതം അറുത്തു എന്ന ഹദീസിന്‍റെ  വെളിച്ചത്തില്‍ ആണായാലും പെണ്ണായാലും ഒരു മൃഗത്തെ മാത്രം അറുത്താല്‍ മതിയെന്നാണ്‌ ഇമാം മാലിക്കിന്‍റെ  അഭിപ്രായം.

ഭക്ഷണം നല്‍കല്‍

സന്താനങ്ങള്‍ക്ക്‌ നല്ലതും അനുവദനീയവുമായ ഭക്ഷണം നല്‍കി വളര്‍ത്തല്‍ പിതാവിന്‍റെ  ബാധ്യതയാണ്‌. പ്രവാചകന്‍(സ) പറഞ്ഞു: 'താന്‍ ഭക്ഷണം നല്‍കാന്‍ കടപ്പെട്ടവര്‍ക്ക്‌ അത്‌ നല്‍കാതിരിക്കുക എന്നതുതന്നെ മതി ഒരാള്‍ക്ക്‌ വന്‍ പാപമായിട്ട്‌' (മുസ്ലിം).

സ്നേഹവും കാരുണ്യവും

ശരിയായ സന്താന പരിപാലനത്തിന്‍റെ   സുപ്രധാന ഘടകമാണ്‌ കുട്ടികള്‍ക്ക്‌ വേണ്ടുവോളം സ്നേഹ വാത്സല്യങ്ങള്‍ നല്‍കുക എന്നത്‌. ചെറുപ്പത്തില്‍ അവരെ താലോലിക്കുകയും ഓമനിക്കുകയും വേണം. പ്രവാചകന്‍(സ) ഒരിക്കല്‍ ഹസന്‍(റ)നെ ചുംബിക്കുന്നത്‌ ഒരു ഗ്രാമീണന്‍ കാണാനിടയായി. അയാള്‍ പറഞ്ഞു: 'എനിക്ക്‌ പത്ത്‌ സന്താനങ്ങളുണ്ട് ; അവരില്‍ ഒരുവനെ പോലും ഞാന്‍ ചുംബിച്ചിട്ടില്ല.' റസൂല്‍ അയാളുടെ നേരെ നോക്കിക്കൊണ്ട്  പറഞ്ഞു. 'കരുണ ചെയ്യാത്തവര്‍ക്ക്‌ അല്ലാഹു കാരുണ്യം ചെയ്യുകയില്ല' (ബുഖാരി).
കുട്ടികളോട്‌ വാത്സല്യം കാണിക്കുന്നതും അവരോട്‌ സ്നേഹപ്രകടനങ്ങള്‍ നടത്തുന്നതും മാതാപിതാക്കള്‍ക്കും മക്കള്‍ക്കുമിടയില്‍ ആരോഗ്യകരമായ ബന്ധം നിലനില്‍ക്കാന്‍ ആവശ്യമാണ്‌. കുഞ്ഞുങ്ങളുടെ കരച്ചില്‍ കേട്ടാല്‍ പ്രവാചകന്‍(സ) വേഗത്തില്‍ നമസ്കാരം പൂര്‍ത്തീകരിക്കാറുള്ളതായി ഹദീസുകളില്‍ കാണാം.

വിജ്ഞാനവും മര്യാദയും പഠിപ്പിക്കുക

കുഞ്ഞുങ്ങള്‍ക്ക്‌ വിദ്യാഭ്യാസവും ഇസ്ലാമിക ശിക്ഷണ ശീലനങ്ങളും നല്‍കേണ്ടത് സ്ഫടിക സമാനമായ പരിശുദ്ധാവസ്ഥയിലാണ്‌ ഓരോ കുഞ്ഞും ഭൂജാതനാവുന്നത്‌. അവര്‍ വളരുന്ന സാഹചര്യവും ചുറ്റുപാടുകളും അവരുടെ സ്വഭാവ രൂപീകരണത്തില്‍ വലിയ പങ്കുവഹിക്കുന്നു. നബി(സ) പറഞ്ഞു: 'ഓരോ കുഞ്ഞും ജനിക്കുന്നത്‌ ശുദ്ധ പ്രകൃതിയിലാണ്‌. പിന്നീട്‌ അവന്റെ മാതാപിതാക്കളാണ്‌ അവനെ ജൂതനോ ക്രിസ്ത്യാനിയോ അഗ്നിയാരാധകനോ ആക്കുന്നത്‌' (ബുഖാരി). മാതാപിതാക്കള്‍ക്ക്‌ മക്കളുടെ ജീവിതത്തിലെ സ്വാധീനത്തെയാണ്‌ പ്രവാചകന്‍(സ) ഈ പ്രസ്താവനയിലൂടെ വരച്ചു കാണിക്കുന്നത്‌.
പ്രവാചകന്‍(സ) പറഞ്ഞു: 'ഒരു പിതാവിനും തന്റെ സന്തതിക്ക്‌ നല്ല ശിക്ഷണത്തെക്കാള്‍ മഹത്തായ മറ്റൊരു സമ്മാനവും നല്‍കാന്‍ കഴിയില്ല' (തിര്‍മുദി, ബൈഹഖി). 'നിങ്ങള്‍ സന്താനങ്ങളെ സംസ്കാരം ശീലിപ്പിക്കൂ; അവരുടെ സ്വഭാവചര്യകള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുക' (ഇബ്നുമാജ).
ആത്മീയ ശിക്ഷണമെന്നതുപോലെ ലൗകിക വിദ്യാഭ്യാസവും മക്കളെ പഠിപ്പിക്കേണ്ടതുണ്ട് . നബി(സ) അരുളി: 'ഒരു സന്താനത്തിന്‌ പിതാവില്‍നിന്ന്‌ ലഭിക്കേണ്ട അവകാശത്തില്‍ പെട്ടതാണ്‌ അവന്‌ വിവേകമെത്തിയാല്‍ എഴുത്തു പരിശീലിപ്പിക്കുക എന്നത്‌' (സമര്‍ഖന്തി). ഏഴുവയസ്സായാല്‍ കുഞ്ഞുങ്ങള്‍ക്ക്‌ നമസ്കാരം ശീലിപ്പിക്കാനും പത്ത്‌ വയസ്സായിട്ടും നമസ്കരിക്കാത്തവരെ അടിക്കാനും റസൂല്‍ അനുശാസിച്ചിട്ടുണ്ട്‌

സമ്പാ :ഫൈസല്‍ ബക്കര്‍ പള്ളിമുറ്റത്ത് 
 

വിവാഹ മൂല്യവും സ്ത്രീധനവും








വിവാഹ മൂല്യവും സ്ത്രീധനവും


ഇസ്ലാം വിവാഹത്തിലൂടെ സ്ത്രീയെ ആദരിക്കുന്നു. അതിനാല്‍ പുരുഷന്‍ സ്ത്രീക്ക്‌ അവളുടെ മാന്യതക്കും നിലവാരത്തിനും യോജിച്ച രീതിയിലുള്ള വിവാഹമൂല്യം (മഹ്ര്) നല്‍കണമെന്ന്‌ അത്‌ അനുശാസിക്കുന്നു. വിവാഹമൂല്യം നിശ്ചയിക്കാതെയും നല്‍കാതെയുള്ള വിവാഹങ്ങള്‍ സാധുവാകുകയില്ല. ഖുര്‍ആന്‍ വ്യക്തമാക്കുന്നു: 'അവര്‍ക്കവകാശപ്പെട്ട വിവാഹമൂല്യം നിങ്ങള്‍ നല്‍കുകയാണെങ്കില്‍ നിങ്ങളവരെ വിവാഹം കഴിക്കുന്നതില്‍ കുറ്റമില്ല' (60:10). 'അവരുടെ രക്ഷിതാക്കളുടെ അനുമതിയോടെ നിങ്ങളവരെ വിവാഹം ചെയ്യുക. അവരുടെ മഹ്ര് ന്യായമായ നിലയില്‍ അവര്‍ക്ക്‌ നല്‍കുകയും ചെയ്യുക' (4:25).
വിവാഹമൂല്യം എത്രയാവണമെന്ന്‌ ഇസ്ലാം കൃത്യമായി നിര്‍ണയിച്ചിട്ടില്ല. മര്യാദയനുസരിച്ചു നല്‍കണമെന്ന്‌ നിര്‍ദേശിക്കുക മാത്രമാണ്‌ ചെയ്തിട്ടുള്ളത്‌. മൂല്യവത്തായ എന്തും മഹ്ര് ആകാവുന്നതാണ്‌; ഇരുമ്പു മോതിരം മുതല്‍ സ്വര്‍ണത്തിന്റെ കൂമ്പാരം വരെ!
ഒരിക്കല്‍ പ്രവാചകന്റെ അടുക്കല്‍ വന്ന ഒരു സ്ത്രീയെ ഒരാള്‍ വിവാഹാന്വേഷണം നടത്തിയപ്പോള്‍ പ്രവാചകന്‍(സ) അയാളോട്‌ ചോദിച്ചു: 'താങ്കളുടെ അടുക്കല്‍ വിവാഹമൂല്യമായി എന്തുണ്ട് ?' അയാള്‍ പറഞ്ഞു: 'എന്റെ ഈ തുണിയല്ലാതെ മറ്റൊന്നുമില്ല.' പ്രവാചകന്‍ പറഞ്ഞു: 'നീ പോയി ഒരു ഇരുമ്പിന്റെ മോതിരമെങ്കിലും ഉണ്ടോയെന്ന്‌ പരതുക' (ബുഖാരി, മുസ്ലിം).
ഇസ്ലാം നിശ്ചയിച്ച വിവാഹമൂല്യം ഇന്ന്‌ ഒരു ചടങ്ങ്‌ മാത്രമായി അധഃപതിച്ചിരിക്കുന്നു. പകരം പുരുഷന്‍ സ്ത്രീയില്‍നിന്ന്‌ ഈടാക്കുന്ന സ്ത്രീധനം എന്ന അനിസ്ലാമിക സമ്പ്രദായമാണ്‌ സമൂഹത്തില്‍ നിലനില്‍ക്കുന്നത്‌. മഹ്‌റിനേക്കാള്‍ എത്രയോ കൂടുതലുള്ള വന്‍തുകകളാണ്‌ സ്ത്രീകളുടെ രക്ഷിതാക്കളില്‍നിന്നും പുരുഷന്‍ സ്ത്രീധനമെന്ന പേരില്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്‌. തത്ഫലമായി വിവാഹം സങ്കീര്‍ണമായ ഒരു പ്രക്രിയയിത്തീരുകയും സ്ത്രീധനം നല്‍കാന്‍ ശേഷിയില്ലാത്ത യുവതികള്‍ മംഗല്യ സൗഭാഗ്യം നഷ്ടപ്പെട്ട്‌ നരകയാതന അനുഭവിക്കുകയും ചെയ്യുന്നു.

സമ്പാ :ഫൈസല്‍ ബക്കര്‍ പള്ളിമുറ്റത്ത് 

ഭര്‍ത്താവിന്‍റെ ബാധ്യതകള്‍




ഭര്‍ത്താവിന്‍റെ  ബാധ്യതകള്‍
കുടുംബ ജീവിതത്തിലെ നായകന്‍ പുരുഷനാണ്‌. അതിനിണങ്ങിയ ശാരീരിക മാനസിക പ്രകൃതിയോടുകൂടിയാണ്‌ പുരുഷന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. ഖുര്‍ആന്‍ പറയുന്നു: 'പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍നോട്ടക്കാരാണ്‌. ഒരു വിഭാഗത്തിന്‌ മറുവിഭാഗത്തെക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ്‌ നല്‍കിയതുകൊണ്ടും  പുരുഷന്മാര്‍ തങ്ങളുടെ സമ്പത്ത്‌ ചെലവഴിക്കുന്നതുകൊണ്ടുമത്രെ അത്‌' (4:34). നേതൃസ്ഥാനമലങ്കരിക്കുന്ന പുരുഷന്‌ ചില ബാധ്യതകളും ഇസ്ലാം ചുമത്തുന്നു. ഇവ ദൈവബോധത്തോടെ നിര്‍വഹിക്കാന്‍ അവന്‍ ബാധ്യസ്ഥനാണ്‌.

വിവാഹ മൂല്യം നല്‍കല്‍

പുരുഷന്‍റെ  ബാധ്യതയായി ഖുര്‍ആന്‍ എടുത്തുപറയുന്ന ഒരു കാര്യമാണ്‌ വിവാഹമൂല്യം അഥവാ മഹ്ര്. 'സ്ത്രീകളുടെ വിവാഹമൂല്യം മനഃസംതൃപ്തിയോടെ നിങ്ങളവര്‍ക്ക്‌ നല്‍കുക' (4:4). മഹ്ര് നല്‍കാതെയോ നിശ്ചയിക്കാതെയോ ഉള്ള വിവാഹങ്ങള്‍ സാധുവാകുകയില്ല.

ജീവിതച്ചെലവ്‌ വഹിക്കല്‍

കുടുംബത്തിന്‍റെയും  ഭാര്യയുടെയും ജീവിതച്ചെലവ്‌ നിര്‍വഹിക്കല്‍ പുരുഷന്‍റെ ബാധ്യതയാണ് പുരുഷന്  നല്‍കിയ നേതൃസ്ഥാനത്തിന്‍റെ  മറ്റൊരു താല്‍പര്യമാണത്‌(4:4). ഖുര്‍ആന്‍ വ്യക്തമാക്കുന്നു: 'അവര്‍ക്ക്‌ മര്യാദയനുസരിച്ച്‌ ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത്‌ കുട്ടിയുടെ പിതാവിന്‍റെ  ബാധ്യതയാകുന്നു' (2:233). കുടുംബത്തിന്‌ ചെലവിന്‌ കൊടുക്കേണ്ട ബാധ്യതയുള്ള പുരുഷന്‍ അത്‌ നിര്‍വഹിക്കാത്ത പക്ഷം ഭാര്യമാര്‍ക്ക്‌ ഭര്‍ത്താവിന്‍റെ  ധനത്തില്‍നിന്ന്‌ ആവശ്യമായത്‌ എടുക്കാവുന്നതാണ്‌. ആഇശ(റ)യില്‍നിന്ന്‌ നിവേദനം: അബൂസുഫ്‌യാന്‍റെ  ഭാര്യ ഹിന്ദ്‌ നബി(സ)യോട്‌ ചോദിച്ചു: 'ദൈവദൂതരേ, അബൂസുഫ്‌യാന്‍ ലുബ്ധനാണ്‌. എനിക്കും എന്‍റെ  കുട്ടികള്‍ക്കും ചെലവിന്‌ അയാള്‍ ഒന്നും തരാറില്ല; അയാളറിയാതെ ഞാന്‍ എടുക്കുന്നതൊഴികെ.' പ്രവാചകന്‍(സ) പറഞ്ഞു: 'നിനക്കും നിന്‍റെ  സന്തതികള്‍ക്കും ആവശ്യമായത്‌ ന്യായപ്രകാരം നിനക്ക്‌ എടുക്കാവുന്നതാണ്‌' (ബുഖാരി, മുസ്ലിം). കുടുംബത്തിന്‌ വേണ്ടി  ചെലവ്‌ ചെയ്യാതിരിക്കുന്നത്‌ ഗുരുതരമായ തെറ്റായിട്ടാണ്‌ ഇസ്ലാം കാണുന്നത്‌. പ്രവാചകന്‍(സ) പറഞ്ഞു: 'താന്‍ ഭക്ഷണം നല്‍കാന്‍ ബാധ്യതയുള്ളവര്‍ക്ക്‌ അത്‌ നല്‍കാതിരിക്കുന്നതു തന്നെ ഒരാള്‍ക്ക്‌ പാപമായിട്ട്‌ ധാരാളം മതി' (അബൂദാവൂദ്‌).

നല്ല പെരുമാറ്റം

സ്ത്രീകളുടെ പ്രകൃതി അത്യന്തം ലോലമാണ്‌. ചെറിയ കാര്യങ്ങള്‍പോലും അവരുടെ വികാരത്തെ വ്രണപ്പെടുത്തും. അതിനാല്‍ ഭര്‍ത്താവ്‌ ഭാര്യയോട്‌ അങ്ങേയറ്റം നല്ലരീതിയില്‍ മാത്രമേ ഇടപഴകാന്‍ പാടുള്ളൂ. ഖുര്‍ആന്‍ പറയുന്നു: 'നിങ്ങള്‍ അവരോട്‌ നല്ലരീതിയില്‍ സഹവര്‍ത്തിക്കേണ്ടതാണ്‌' (4:19). പ്രവാചകന്‍(സ) പ്രസ്താവിച്ചു: 'സ്ത്രീകളോട്‌ നന്നായി പെരുമാറുന്നവരാണ്‌ നിങ്ങളില്‍ ഏറ്റവും ഉത്തമന്‍.' മറ്റൊരിക്കല്‍ സ്ത്രീകളുടെ തരള പ്രകൃതിയെ സൂചിപ്പിച്ചുകൊണ്ട് അവിടുന്ന്‌ പറഞ്ഞു: 'പളുങ്കു പാത്രങ്ങളോട്‌ നിങ്ങള്‍ കരുണകാണിക്കുക.'
തന്‍റെ  വിടവാങ്ങല്‍ പ്രസംഗത്തില്‍പോലും സ്ത്രീകളുടെ കാര്യം അവിടുന്ന്‌ പ്രത്യേകം ഉണര്‍ത്തുകയുണ്ടാ യി: 'അറിയുക, സ്ത്രീകളോട്‌ നല്ല നിലയില്‍ വര്‍ത്തിക്കാന്‍ ഞാന്‍ നിങ്ങളെ ഉപദേശിക്കുന്നു. അവര്‍ നിങ്ങളുടെ ആശ്രിതരാണ്‌. അവരുടെ ശരീരവും നിങ്ങളുടെ സമ്പത്തും സൂക്ഷിക്കുകയെന്നതും ആസ്വാദനവുമല്ലാതെ മറ്റൊന്നും അവരില്‍നിന്ന്‌ നിങ്ങള്‍ക്ക്‌ അവകാശപ്പെടാനില്ല' (തിര്‍മുദി).

ഇസ്ലാമിക ശിക്ഷണം

ഭാര്യക്കും മക്കള്‍ക്കും ഇസ്ലാമിക വിശ്വാസാചാരങ്ങള്‍ പകര്‍ന്നു കൊടുക്കേണ്ടതും അവയനുസരിച്ച്‌ ജീവിക്കാന്‍ അവരെ പ്രേരിപ്പിക്കേണ്ടതും ഭര്‍ത്താവിന്‍റെ  ബാധ്യതകളില്‍ പെട്ടതാണ്‌. ഖുര്‍ആന്‍ പറയുന്നു: 'താങ്കളുടെ കുടുംബത്തോട്‌ നമസ്കാരം നിലനിര്‍ത്താന്‍ കല്‍പിക്കുക. അതില്‍ ക്ഷമാപൂര്‍വം ഉറച്ചു നില്‍ക്കുകയും ചെയ്യുക' (20:132). 'സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ഭാര്യാ സന്താനങ്ങളെയും മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകത്തില്‍നിന്ന്‌ നിങ്ങള്‍ കാത്തുരക്ഷിക്കുക' (66:6). പ്രവാചകന്‍(സ) പറഞ്ഞു: 'നിങ്ങളെല്ലാവരും മേല്‍നോട്ടക്കാരാണ്‌. കീഴിലുള്ളവരെ കുറിച്ച്‌ നിങ്ങള്‍ ചോദിക്കപ്പെടും. പുരുഷന്‍ കുടുംബത്തിന്‍റെ  മേല്‍നോട്ടക്കാരനും തന്‍റെ  കീഴിലുള്ളവരെക്കുറിച്ച്‌ വിചാരണ ചെയ്യപ്പെടുന്നവരുമാണ്‌' (ബുഖാരി, മുസ്ലിം).

ലൈംഗിക വൃത്തി

ഇബ്നുഹസം പ്രസ്താവിക്കുന്നു: 'തന്‍റെ  ഇണയായ ഭാര്യയുമായി രതിക്രീഡ നടത്തേണ്ടത്‌ ഭര്‍ത്താവിന്‍റെ  നിര്‍ബന്ധ ബാധ്യതകളില്‍ പെട്ടതാണ്‌. സാധ്യമാകുമെങ്കില്‍ ഓരോ ശുദ്ധിവേളയിലും ഒരു പ്രാവശ്യമെങ്കിലും. അല്ലെങ്കില്‍ അവന്‍ അല്ലാഹുവിങ്കല്‍ കുറ്റക്കാരനാകും.' അല്ലാഹു പറയുന്നു: 'അവള്‍ ശുദ്ധിയായിക്കഴിഞ്ഞാല്‍ അല്ലാഹു അനുശാസിക്കും പടി നിങ്ങളവരെ സമീപിക്കുക' (2:222).
സമ്പാ : ഫൈസല്‍ ബക്കര്‍ പള്ളിമുറ്റത്ത് 
 
 

Saturday, 17 April 2010

സ്ത്രീ ഇസ്ലാമില്‍







സ്ത്രീ  ഇസ്ലാമില്‍ 


ഇസ്ലാം സ്ത്രീയെ 
ആദരിക്കുകയും ബഹുമാനിക്കുകയും   ചെയ്യുന്നു 

ഉത്തരവാദിത്വങ്ങളും ബാധ്യതകളുമുള്ളതുപോലെ അവകാശങ്ങളുമുണ്ടെന്ന്‌ ഉണര്‍ത്തുന്നു. സമൂഹ നിര്‍മിതിയില്‍ പുരുഷനെ പോലെ സ്ത്രീക്കും പങ്കാളിത്തമുണ്ട്‌. വ്യക്തികളെ രൂപപ്പെടുത്തുന്നതിലും തലമുറകളെ വാര്‍ത്തെടുക്കുന്നതിലും അവളുടെ സ്ഥാനം പുരുഷനെക്കാള്‍ മുന്‍പന്തിയിലാണ്‌. സ്ത്രീയെ ഉള്‍ക്കൊള്ളുകയും തിരിച്ചറിയുകയും ചെയ്യാതെ ഒരു ദര്‍ശനത്തിനും മുന്നോട്ടുപോവുക സാധ്യമല്ല.


സ്ത്രീ-പുരുഷ സമത്വം

ശാരീരിക മാനസിക കഴിവുകളില്‍ വ്യത്യസ്തമാണെങ്കിലും സ്ത്രീയും പുരുഷനും ദൈവസന്നിധിയില്‍ തുല്യരാണെന്ന്‌ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. 'പുരുഷനാവട്ടെ, സ്ത്രീയാവട്ടെ-സല്‍ക്കര്‍മം അനുഷ്ഠിക്കുന്നത്‌ ആരാണെങ്കിലും ശരി അവര്‍ സത്യവിശ്വാസികളാണെങ്കില്‍ അങ്ങനെയുള്ളവരാകുന്നു സ്വര്‍ഗാവകാശികള്‍ ' (4:124). അല്ലാഹു പറയുന്നു: 'സ്ത്രീയാവട്ടെ, പുരുഷനാവട്ടെ നിങ്ങളില്‍ ആരുടെയും കര്‍മത്തെ ഞാന്‍ നിഷ്ഫലമാക്കുകയില്ല, നിങ്ങളെല്ലാവരും ഒരേ വര്‍ഗത്തില്‍ പെട്ടവരാണല്ലോ' (3:195).
മരണാനന്തര ജീവിതത്തില്‍ മാത്രമല്ല; ഐഹികജീവിതത്തിലും സ്ത്രീയോട്‌ നീതികാണിക്കുകയെന്ന ആശയം ശക്തിയായി ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്നു. ഇതര സംസ്കാരങ്ങളെ പോലെ സ്ത്രീയുടെ അവകാശങ്ങള്‍ ഹനിക്കുകയോ അവര്‍ക്കെതിരെ അനീതിയും അക്രമവും പ്രഖ്യാപിക്കുകയോ ചെയ്ത ചരിത്രം ഇസ്ലാമിനില്ല. പ്രത്യുത അക്രമങ്ങളില്‍നിന്ന്‌ അവര്‍ക്ക്‌ മോചനം പ്രഖ്യാപിച്ചും തുല്യനീതി വാഗ്ദാനം ചെയ്തുകൊണ്ടുമായിരുന്നു ഇസ്ലാമിന്‍റെ   രംഗപ്രവേശം.

ജീവിക്കാനുള്ള അവകാശം

സ്ത്രീക്ക്‌ ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നല്‍കിയത്‌ ഇസ്ലാമാണ്‌. അജ്ഞാന കാലത്തെ അറബികള്‍ പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടുന്നവരായിരുന്നു. ഖുര്‍ആന്‍ വ്യക്തമാക്കുന്നു: 'അവരിലൊരാള്‍ക്ക്‌ ഒരു പെണ്‍കുട്ടി ജനിച്ചതായി സന്തോഷവാര്‍ത്ത ലഭിച്ചാല്‍ കഠിനദുഃഖം കടിച്ചിറക്കിക്കൊണ്ട് അവ ന്‍റെ  മുഖം കറുത്തിരുണ്ടു പോവുന്നു. അവന്‍ ആളുകളില്‍നിന്ന്‌ മാറി നടക്കുന്നു; ഈ സന്തോഷവാര്‍ത്ത ലഭിച്ചതിന്‌ ശേഷം ആരെയും കാണാതിരിക്കാന്‍ വേണ്ടി . അപമാനം സഹിച്ചുകൊണ്ട് പുത്രിയെ വളര്‍ത്തണോ അതോ ജീവനോടെ കുഴിച്ചു മൂടണോ എന്നവന്‍ ആലോചിച്ചുകൊണ്ടിരിക്കുന്നു' (16:58,59).
ഒരാള്‍ പ്രവാചകനോട്‌ ജാഹിലിയ്യാ കാലത്തെ ത ന്‍റെ  ചെയ്തി വിവരിക്കുന്നു: 'എനിക്കൊരു പെണ്‍കുഞ്ഞുണ്ടായിരുന്നു. എന്നോടതിരറ്റ സ്നേഹവും അടുപ്പവുമുള്ള കുട്ടി. എപ്പോള്‍ വിളിച്ചാലും അവളെന്‍റെയടുത്ത്‌ ഓടിവരും. ഒരു ദിവസം ഞാനവളെ വിളിച്ചു. അവള്‍ ഓടിയെത്തി. അവളെയും കൂട്ടി ഞാന്‍ അടുത്തുള്ള കിണറ്റിന്‍റെ  വക്കിലെത്തി. അവളെ വാരിയെടുത്ത്‌ ഞാന്‍ കിണറ്റിലേക്കെറിഞ്ഞു. അപ്പോള്‍ ദയനീയമായി എ ന്‍റെ  കുഞ്ഞ്‌ 'ഉപ്പാ, ഉപ്പാ' എന്ന്‌ വിളിക്കുന്നുണ്ടാ യിരുന്നു.' ഈ കഥ കേട്ട്‌ പ്രവാചകന്‍(സ) സ്തംഭിച്ചു നിന്നു. പിന്നെ, താടിരോമം നനഞ്ഞു കുതിരുമാറ്‌ കരഞ്ഞു (ദാരിമി).
ഇസ്ലാം പെണ്‍കുട്ടിക്ക്‌ ജനിക്കാനും ജീവിക്കാനുമുള്ള അവകാശം പുനഃസ്ഥാപിച്ചുകൊണ്ട്  പ്രഖ്യാപിച്ചു: 'സ്വസന്താനങ്ങളെ ദാരിദ്ര്യം ഭയന്ന്‌ നിങ്ങള്‍ വധിക്കാതിരിക്കുക. അവള്‍ക്കും നിങ്ങള്‍ക്കും അന്നം നല്‍കുന്നത്‌ ഞാനാണ്‌. അവരെ വധിക്കുന്നത്‌ തീര്‍ച്ചയായും മഹാപാപമാകുന്നു' (17:31). ഈ കൊടും ക്രൂരതക്ക്‌ പാരത്രിക ലോകത്ത്‌ ഉത്തരം ബോധിപ്പിക്കേണ്ടി വരുമെന്ന്‌ ഉണര്‍ത്തി: 'ജീവനോടെ കുഴിച്ചു മൂടപ്പെട്ട പെണ്‍കുഞ്ഞിനോട്‌ ചോദിക്കപ്പെടുമ്പോള്‍; അവള്‍ എന്ത്‌ തെറ്റിന്‍റെ  പേരിലാണ്‌ വധിക്കപ്പെട്ടത്‌ എന്ന്‌!' (81:8,9). പെണ്‍കുട്ടികള്‍ സ്വര്‍ഗ പ്രവേശനത്തിന്‌ കാരണമാവുന്ന അനുഗ്രഹമാണെന്ന്‌ പ്രവാചകന്‍(സ) ഉണര്‍ത്തി: 'ഒരാള്‍ക്ക്‌ രണ്ട്  പെണ്‍മക്കളുണ്ടാവുകയും അവരെ അയാള്‍ നന്നായി പരിപാലിക്കുകയും ചെയ്താല്‍ അവര്‍ മൂലം അയാള്‍ സ്വര്‍ഗ പ്രവേശനത്തിന്‌ അര്‍ഹനായിത്തീരും' (ബുഖാരി).

പുരുഷന്‍റെ  കൂടപ്പിറപ്പ്‌

സ്ത്രീയും പുരുഷനും ഒരേ സ്രോതസ്സില്‍നിന്നാണ്‌ സൃഷ്ടിക്കപ്പെട്ടതെന്ന്‌ ഖുര്‍ആന്‍ ഉണര്‍ത്തുന്നു: 'ഒരൊറ്റ ശരീരത്തില്‍നിന്ന്‌ നിങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നു; അതേ ശരീരത്തില്‍നിന്ന്‌ തന്നെ അതിന്‍റെ  ഇണയെയും പടച്ചു. അവ ര  ണ്ടില്‍നിന്നുമായി പെരുത്ത്‌ സ്ത്രീ പുരുഷന്മാരെ ലോകത്ത്‌ അവന്‍ പരത്തുകയും ചെയ്തു' (4:1). പ്രവാചകന്‍(സ) പറഞ്ഞു: സ്ത്രീകള്‍ പുരുഷന്മാരുടെ കൂടപ്പിറപ്പുകളാണ്‌' (അബൂദാവൂദ്‌).

ആദിപാപത്തിന്റെ കാരണക്കാരി സ്ത്രീയല്ല

ആദമിനെ വിലക്കപ്പെട്ട കനി ഭക്ഷിക്കാന്‍ പ്രേരിപ്പിച്ചത്‌ ഭാര്യ ഹവ്വയാണെന്നും അങ്ങനെ മനുഷ്യ സമൂഹത്തിന്‍റെ  മുഴുവന്‍ നിര്‍ഭാഗ്യത്തിനും കാരണക്കാരി സ്ത്രീയാണെന്നുമുള്ള ചില മതങ്ങളുടെ സങ്കല്‍പത്തെ ഇസ്ലാം നിരാകരിക്കുന്നു. ഹവ്വയെക്കാളുപരി ആദമിനാണ്‌ ഉത്തരവാദിത്വമുള്ളതെന്ന്‌ ഖുര്‍ആന്‍ വ്യക്തമാക്കുന്നു: 'നാം ഇതിനുമുമ്പ്‌ ആദമിന്‌ ഒരു ശാസനം നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹമത്‌ വിസ്മരിച്ചുകളഞ്ഞു. നാം അദ്ദേഹത്തില്‍ നിശ്ചയദാര്‍ഢ്യം കണ്ടില്ല' (20:115). 'പിശാച്‌ അദ്ദേഹത്തെ വ്യാമോഹിപ്പിച്ചു. അവന്‍ പറഞ്ഞു: ഓ, ആദം താങ്കള്‍ക്കു നിത്യജീവനും ശാശ്വതാധിപത്യവും നേടിത്തരുന്ന ഒരു വൃക്ഷം കാണിച്ചു തരെട്ടെയോ?' അങ്ങനെ അവരിരുവരും (ആദമും ഹവ്വയും) ആ വൃക്ഷത്തിന്‍റെ  ഫലം ഭുജിച്ചു' (20:120).

സ്വത്ത്‌ സമ്പാദിക്കാനുള്ള അവകാശം

ധനസമ്പാദനത്തില്‍ പുരുഷനുള്ള എല്ലാ അവകാശങ്ങളും സ്ത്രീക്കുമുണ്ട്.ഖുര്‍ആന്‍ വ്യക്തമാക്കുന്നു:'പുരുഷന്മാര്‍ സമ്പാദിച്ചതെന്തോ അതിനനുസരിച്ച്‌ അവര്‍ക്ക്‌ വിഹിതമുണ്ട് . സ്ത്രീകള്‍ സമ്പാദിച്ചതെന്തോ അതിനനുസരിച്ച്‌ അവര്‍ക്കും വിഹിതമുണ്ട് ' (4:32). ഇബ്നു ഹസം(റ) പറയുന്നു: 'വീടും സ്ഥലവും ഉടമപ്പെടുത്താനും കച്ചവടം ചെയ്യാനും വിവാഹമൂല്യം ദാനം ചെയ്യാനുമൊക്കെ സ്ത്രീക്ക്‌ അധികാരമുണ്ട് . പിതാവിനോ ഭര്‍ത്താവിനോ അതിനെ എതിര്‍ക്കാന്‍ അവകാശമില്ല' (മഹല്ലി: 9/507).

അനന്തരാവകാശം

ഇസ്ലാമിന്‌ മുമ്പ്‌ സ്ത്രീകള്‍ക്ക്‌ അനന്തര സ്വത്തില്‍ അവകാശമുണ്ടായിരുന്നില്ല; എന്നാല്‍ ഇസ്ലാം പുരുഷനെ പോലെ സ്ത്രീകള്‍ക്കും അനന്തരസ്വത്തില്‍ ന്യായമായ അവകാശങ്ങളു ണ്ടെന്ന്‌ പ്രഖ്യാപിച്ചു. 'മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടുപോയ സ്വത്തില്‍ പുരുഷന്മാര്‍ക്ക്‌ വിഹിതമുണ്ട് . മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടുപോയ സ്വത്തില്‍ സ്ത്രീകള്‍ക്കും വിഹിതമുണ്ട് ' (4:7).

വരനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം

തന്‍റെ  ഇണ ആരാവണമെന്ന്‌ തീരുമാനിക്കാനുള്ള അവകാശം ഇസ്ലാം സ്ത്രീക്ക്‌ നല്‍കുന്നു. സ്ത്രീയുടെ സമ്മതമില്ലാതെ നടത്തപ്പെടുന്ന വിവാഹങ്ങള്‍ റദ്ദുചെയ്യാന്‍ അവള്‍ക്ക്‌ അവകാശമുണ്ട്  പ്രവാചകന്‍(സ) പറഞ്ഞു: 'മകളുടെ മാരനെ തീരുമാനിക്കാന്‍ രക്ഷിതാവിന്‌ അധികാരമില്ല' (അബൂദാവൂദ്‌, നസാഈ). അബ്ദുല്ലാഹിബ്നു ബുറൈദ(റ)യില്‍നിന്ന്‌ നിവേദനം: ഒരു യുവതി നബി(സ)യുടെ അടുക്കല്‍ വന്ന്‌ പറഞ്ഞു: 'എന്റെ പിതാവ്‌ സ്വന്തം സഹോദര പുത്രനെക്കൊണ്ട് , എന്നിലൂടെ അദ്ദേഹത്തിന്റെ പോരായ്മ പരിഹരിക്കാനായി, എന്റെ അനുമതി കൂടാതെ, എന്നെ വിവാഹം ചെയ്തു കൊടുത്തിരിക്കുന്നു' ഇതുകേട്ട പ്രവാചകന്‍(സ) കാര്യം തീരുമാനിക്കാനുള്ള അവകാശം അവള്‍ക്കു നല്‍കി. അപ്പോള്‍ ആ സ്ത്രീ പറഞ്ഞു: 'എന്റെ പിതാവിന്റെ പ്രവൃത്തി ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍ ഞാന്‍ ഇങ്ങനെ ചെയ്തത്‌ ഇക്കാര്യത്തില്‍ പിതാക്കള്‍ക്ക്‌ യാതൊരു അധികാരവുമില്ലെന്ന്‌ സ്ത്രീകളെ ബോധ്യപ്പെടുത്തുന്നതിന്‌ വേണ്ടിയാണ്‌' (ഇബ്നുമാജ).

പ്രവാചകന്‍(സ) ആദരിച്ച സ്ത്രീ

മാതാവ്‌, ഭാര്യ, പുത്രി, സഹോദരി എന്നീ സ്ഥാനങ്ങളലങ്കരിക്കുന്ന സ്ത്രീക്ക്‌ അങ്ങേയറ്റം മാന്യമായ സ്ഥാനമാണ്‌ പ്രവാചകന്‍(സ) നല്‍കിയിട്ടുള്ളത്‌. ചില നബിവചനങ്ങള്‍ കാണുക:
1. ഭാര്യ എന്നനിലയില്‍
'ഭൗതിക ലോകത്തെ ഏറ്റവും നല്ല വിഭവമാണ്‌ സദ്‌വൃത്തയായ സ്ത്രീ. നീ അവളെ നോക്കിയാല്‍ നിന്നെ അവള്‍ സന്തോഷിപ്പിക്കും; നിന്‍റെ  അഭാവത്തില്‍ നിന്‍റെയെല്ലാം അവള്‍ സംരക്ഷിക്കും' (മുസ്ലിം, ഇബ്നുമാജ).
ഇബ്നു അബ്ബാസി(റ)ല്‍ നിന്ന്‌: പ്രവാചകന്‍(സ) പറഞ്ഞു: 'നാലു കാര്യങ്ങള്‍ നേടിയവന്‌ ഇഹത്തിലും പരത്തിലും ഉത്തമമായത്‌ ലഭിച്ചു - അല്ലാഹുവെ വാഴ്ത്തുന്ന നാവ്‌, നന്ദിയുള്ള മനസ്സ്‌, പ്രയാസങ്ങള്‍ സഹിക്കാന്‍ കഴിയുന്ന ശരീരം, തന്‍റെ  ശരീരത്തിലും ഭര്‍ത്താവിന്‍റെ  ധനത്തിലും തിന്മ ആഗ്രഹിക്കാത്ത ഭാര്യ' (ത്വബ്‌രി).

2. മാതാവ്‌ എന്ന നിലയില്‍

നബിസ)യോട്‌ ഒരാള്‍ ചോദിച്ചു: 'അല്ലാഹുവിന്‍റെ  ദൂതരേ, ഞാന്‍ നല്ലനിലയില്‍ സഹവസിക്കാന്‍ ഏറ്റവും അര്‍ഹന്‍ ആരാണ്‌? അവിടുന്ന്‌ പറഞ്ഞു: 'നിന്‍റെ  മാതാവ്‌' അയാള്‍     വീണ്ടും  ചോദിച്ചു: 'പിന്നെ ആരാണ്‌?' നബി(സ) പറഞ്ഞു: 'നിന്‍റെ  മാതാവ്‌.' വീണ്ടും ചോദിച്ചു: 'പിന്നെ ആരാണ്‌?' 'നിന്‍റെ  മാതാവ്‌.' അയാള്‍ പിന്നെയും ചോദിച്ചു: 'ശേഷം ആരാണ്‌?' അവിടുന്ന്‌ പറഞ്ഞു: 'നിന്‍റെ  പിതാവ്‌' (ബുഖാരി).
'മാതാവിന്‍റെ  കാല്‍ക്കീഴിലാണ്‌ സ്വര്‍ഗം' എന്ന പ്രവാചക വചനം പ്രസിദ്ധമാണ്‌.

3. മകള്‍ എന്ന നിലയില്‍

പ്രവാചകന്‍(സ) പറഞ്ഞു: 'ഏതൊരുവന്‌ ഒരു പുത്രിയുണ്ടാ വുകയും എന്നിട്ട്‌ അവളെ നന്നായി പഠിപ്പിക്കുകയും സംസ്കരിക്കുകയും ചെയ്തുവോ അതുകാരണം പരലോകത്ത്‌ അവന്‌ സ്വര്‍ഗം ലഭിക്കുന്നതാണ്‌.'
'ഒരാള്‍ക്ക്‌ ഒരു പെണ്‍കുട്ടിയുണ്ടായി. അവളെ അയാള്‍ കുഴിച്ചുമൂടിയില്ല. അപമാനിച്ചില്ല. ആണ്‍കുട്ടികള്‍ക്ക്‌ അവളേക്കാള്‍ പ്രത്യേക പരിഗണന നല്‍കിയില്ല. എങ്കില്‍ അയാളെ അല്ലാഹു സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നതാണ്‌' (തിര്‍മുദി).
ഉമറിന്റെ സാക്ഷ്യം
ഉമര്‍റ) പറയുന്നു: 'ഞങ്ങള്‍ ജാഹിലിയ്യാ കാലത്ത്‌ സ്ത്രീകള്‍ക്ക്‌ ഒരു വിലയും കല്‍പിച്ചിരുന്നില്ല. എന്നാല്‍ ഇസ്ലാം സമാഗതമാവുകയും അല്ലാഹു അവരെക്കുറിച്ച്‌ സംസാരിക്കുകയും ചെയ്തപ്പോഴാണ്‌ അവര്‍ക്കും അവകാശമുണ്ടെന്ന്‌ ബോധ്യമായത്‌' (ബുഖാരി, മുസ്ലിം). ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു: 'സ്ത്രീകള്‍ക്കും ന്യായമായ അവകാശങ്ങളുണ്ട്‌; പുരുഷന്മാര്‍ക്ക്‌ അവരില്‍നിന്ന്‌ അവകാശങ്ങളുള്ളതുപോലെതന്നെ' (2:228).

സമ്പാ :ഫൈസല്‍ ബക്കര്‍ പള്ളിമുറ്റത്ത്