Powered By Blogger

Friday, 7 May 2010

മൂന്നു ശത്രുക്കള്‍



മൂന്നു ശത്രുക്കള്‍ 
-

സ്നേഹം അതേറ്റവും ഉദാത്തമായ വികാരമാണ് .സ്നേഹമാണഖിലസാരമൂഴിയില്‍ .സ്നേഹം എല്ലാവരും കൊതിക്കുന്നു .സ്നേഹം നിസ്വാര്‍ത്ഥമാണ്.     സ്നേഹത്തിനു അതിര്‍വരമ്പുകളില്ല .നല്ല സ്നേഹിതരെ പങ്കുവയ്ക്കുന്നു .സ്നേഹം മനസിലുണ്ടായാല്‍ മാത്രം പോരാ അത് പ്രകടിപ്പിക്കണം .


സ്നേഹത്തില്‍  കാമം കലരുമ്പോള്‍ അത് പ്രേമമാകുന്നു .പ്രേമം ,പ്രണയം അതെല്ലാം പ്രകൃതിയുടെ വരദാനങ്ങള്‍ ,അതിനു നിയന്ത്രണ രേഖകള്‍ നിശ്ചയിക്കപ്പെടെണ്ടതുണ്ട്,പ്രേമം സ്വാര്‍ത്ഥമാണ്‌ ,പ്രേമ ഭാജനത്തെ പകുത്തു നല്‍കാന്‍ തയ്യാറുള്ളവര്‍ ആരുണ്ട്‌  ?തിരിച്ചറിയപ്പെടാത്ത  സ്നേഹവും വെളിപ്പെടുത്താത്ത പ്രണയവും എന്നും മനസ്സിന്‍റെ നൊമ്പരമാണ് . ധനത്തിനോടും .പ്രശസ്ത്തിയോടും ,അധികാരത്തോടും പ്രേമം അരുത് .

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് ജല്‍പ്പനം ചെയ്യുന്ന  വിഡ്ഢികളെ   ,നിങ്ങള്‍ മനുഷ്യന് നാശഹേതുവാകുന്ന മൂന്നു ശത്രുക്കളെ തിരിച്ചറിയുന്നില്ലേ ?

ഏതാണാ ശത്രുക്കള്‍ ? സാധാരണ ഗതിയില്‍ ഏവരും സ്വന്തമാക്കാന്‍ ഏറെ കൊതിക്കുന്ന ജീവിതത്തിലെ മൂന്ന് ഘടകങ്ങള്‍ .പണം ,പ്രശസ്ത്തി ,അധികാരം ഇവ മൂന്നും ആണ് ആ ശത്രുക്കള്‍ .ധന മോഹം ,പ്രശസ്തി പ്രേമം ,അധികാര ത്വര , ഇവ അളവില്‍ ഏറിയാല്‍ ജീവിതം നാശപൂര്‍ണമാകുന്നു.

പണം ഏറിയാല്‍ മനുഷ്യനില്‍ മദയാനയെപ്പോല്‍ ഒരു മാറ്റം പ്രകടമാകുന്നു   .അവനില്‍ ഞാന്‍ എന്ന ഭാവം ,അഹംഭാവം  ദൃശ്യമാകുന്നു.ധനം ആര്‍ജിക്കാന്‍ അവന്‍ പല മാര്‍ഗങ്ങള്‍ തേടുന്നു ,വഞ്ചനയുടെ ,തട്ടിപ്പറിയുടെ,കൈക്കൂലിയുടെ മാര്‍ഗങ്ങള്‍ .ധനം ക്രയവിക്രയത്തിനുള്ള ഒരു മാധ്യമം മാത്രമാണ് .കിളികളെ ,വൃക്ഷങ്ങളെ ,മറ്റു ജീവജാലങ്ങളെ നോക്കൂ അവ അന്നന്നേക്കുള്ളതില്‍ അപ്പുറം ഉല്‍ക്കണ്ടപെട്ട്  കരുതി വയ്ക്കുന്നില്ല .പ്രദോഷമായാല്‍ നീ പ്രഭാതം പ്രതീക്ഷിക്കരുത് ,പ്രഭാതമായാല്‍ നീ പ്രദോഷത്തെയും പ്രതീക്ഷിക്കരുത് .രോഗാവസ്ഥയ്ക്ക് വേണ്ടിയുള്ളത് ആരോഗ്യാവസ്ഥയിലും  മരണത്തിനു വേണ്ടിയുള്ളത് നീ ജീവിത കാലത്തും കരുതിവയ്ക്കുക .

 ധന പ്രേമം ഒരു ലഹരിയാണ് അതിന്‍റെ മത്തില്‍  അവന്‍ സ്വയം മറക്കുന്നു .പണത്തെ  ബന്ധുവായി ഉപാസിച്ചു സ്വന്തത്തെ മറന്നു ,സഹോദരങ്ങളെ മറന്നു ,ഭാര്യെയേ  മറന്നു ,മക്കളെ മറന്നു ,മാതാപിതാക്കളെ മറന്നു സമൂഹത്തെയും സമുദായത്തെയും മറന്നു പണത്തിനു പിന്നാലെ പായുന്നവരെ നിങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഒരു ദിവസമെങ്കിലും സ്വസ്ഥമായി ഉറങ്ങിയിട്ടുണ്ടോ ?ഒന്ന് ലഭിച്ചാല്‍ പത്തിനോട് മോഹം ,പത്തുലഭിച്ചാല്‍ നൂറിനോട് മോഹം ,നൂറു ലഭിച്ചാല്‍ ആയിരം ,ആയിരം, പതിനായിരം ,ലക്ഷം ,കോടി ,സഹസ്ര കോടി  പട്ടട വരെ നീളും ഈ ഒടുങ്ങാത്ത ത്വര .

വാളെടുത്തവന്‍ വാളാല്‍ അവന്‍ ജീവിതത്തില്‍ ഒറ്റപ്പെടുന്നു .ആര്‍ത്തിയും സ്വാര്‍ത്ഥതയും ഭൌതിക മനുഷ്യന്‍റെ മുഖ മുദ്രകളാണ് .എല്ലാം തനിക്കു വെട്ടിപ്പിടിക്കണമെന്നും മറ്റുള്ളവര്‍ക്ക് യാതൊന്നും കരഗതമായിക്കൂടെന്നുമുള്ള ചിന്താഗതിയുമായി ഏതറ്റം വരെ പോകാനും അവന്‍ ഒരുക്കമാണ് .ശമിക്കാത്ത ഭൌതികാര്‍ത്തിയുമായി ,'ദുനിയാവിന്‍റെ പട്ടി' യായി ഓടുന്ന അവന്‍ എത്ര സമ്പത്ത് കുമിഞ്ഞുകൂടിയാലും മതി വരാതെ ,അധുനാതനമായ ജീവിത സൌകര്യങ്ങളിലും തൃപ്തിയടയാതെ നിലയ്ക്കാതെ ഓടി , ജീവിത നൈരാശ്യങ്ങളിലും അസ്വാസ്ഥ്യങ്ങളിലും അകപ്പെട്ടു, മദ്യത്തിലും മയക്കുമരുന്നിലും അഭയം കണ്ടെത്തുന്നു .    

അവനവനാത്മ സുഖത്തിനാചരിപ്പതു അപരന്നു സുഖത്തിനായി വരേണം .ധനം ഏറിയാല്‍ മനുഷ്യന്‍റെ പ്രാഥമികമായ ആവശ്യങ്ങളായ ഭക്ഷണം ,പാര്‍പ്പിടം ,വസ്ത്രം എന്നിവയില്‍ ബാഹ്യമായ ചില വ്യതിയാനങ്ങള്‍ വരുത്തുന്നു എന്നലാതെ ആന്തരികാര്‍ത്ഥ ത്തില്‍ യാതൊരു വ്യതിയാനവും വരുത്തുന്നില്ല .കഞ്ഞി കഴിക്കുന്നവന്‍ ബിരിയാണി കഴിക്കുന്നു, എന്നാല്‍ പണമേറി ഒരു നേരം മൂന്നു ബിരിയാണി കഴിച്ചാല്‍ അവന്‍റെ ഗതി അതോഗതി  !!
ഈ അണ്ഡകടാഹത്തില്‍ ഒരു ചാണ്‍ വയറിന്‍റെ    ഒരു നേരത്തെ പശിയടക്കാന്‍ ബുദ്ധിമുട്ടി നിത്യ ദാരിദ്ര്യ ദുഖമനുഭവിക്കുന്നവരെ നിങ്ങള്‍ക്കു പരീക്ഷണ ഹേതുവായി നല്‍കുമ്പോള്‍  , അഹങ്കരിച്ചു വിലക്കപെട്ട ഭക്ഷണം ഭുജിക്കുന്നവരെ നിങ്ങള്‍ അറിയുന്നില്ലേ ഒരുനാള്‍ നിങ്ങള്‍ പുഴുക്കള്‍ക്ക് ഭക്ഷണ മാകേണ്ടവരാണെന്ന് ?മാറ് മറക്കാന്‍ തുണിയില്ലാതെ ഒരു മുഴം തുണിയില്‍ ഉടുക്കുകയും പുതക്കുകയും ചെയ്യുന്നവരെ കാണുമ്പോള്‍ നിങ്ങള്‍ ഓര്‍ക്കുന്നില്ലേ നിങ്ങളുടെ ദേഹത്ത് നിന്നു നിങ്ങള്‍ ഒരിക്കലും അഴിച്ചു മാറ്റാത്ത പുതുവസ്ത്രം ഭാഗ്യം ചെയ്‌താല്‍ നിങ്ങളുടെ  നാട്ടിലെ അടുത്ത ജോവ്ലിക്കടയിലെ മൂന്നു മുഴം മല്ലു തുണിയാണെന്ന്.നിങ്ങളുടെ ഈ ഭൂമിയിലെ അവസാന ഗേഹം സുകൃതം ലഭിച്ചാല്‍ ബന്ധുക്കള്‍ ഉറങ്ങുന്ന  നാട്ടിലെ പള്ളി പറമ്പിലെ 
ആറടി മണ്ണാണെന്ന്.


  1. അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു.

  2. അവന്‍റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല.

  3. തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്‌.

  4. വിറകുചുമട്ടുകാരിയായ അവന്‍റെ ഭാര്യയും.

  5. അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും

നിങ്ങള്‍ മറ്റുള്ളവരുടെ ധനത്തില്‍ അസൂയപ്പെടരുത്‌,അത് അവര്‍ക്കുള്ള കൊലക്കയറാണ്.ഇപ്പറഞ്ഞതിനര്‍ത്ഥം ഭൌതിക ജീവിതത്തിലെ സുഖസൌകര്യങ്ങളും  ധന സമ്പാദനവും വിലക്കപെട്ട സംഗതികളാണ് എന്നല്ല .ദൈവപരിധികള്‍ പാലിച്ചുകൊണ്ടാവുമ്പോള്‍ അത് മഹത്തായ ആരാധനയുമാകുന്നു  . സുരക്ഷിതത്വ ബോധത്തിന് ധനാര്‍ജനവും, സംരക്ഷണവും ആവശ്യമത്രേ.ഒരാള്‍ നിങ്ങളുടെ സമ്പത്ത് കവരാന്‍ ശ്രമിച്ചാല്‍ ജീവഹാനി ഭയന്ന് നിങ്ങള്‍ പ്രതിരോധിക്കാതിരിക്കരുത്.അത് അക്രമികള്‍ക്ക് പ്രോത്സാഹനമായി ഭവിക്കും.ധനം ദൈവമാര്‍ഗത്തില്‍ ചിലവഴിക്കുകയും വിജ്ഞാനം ആര്‍ജിക്കുകയും ചെയ്യുന്നവരെ പ്രതി നിങ്ങള്‍ സന്തോഷിക്കുകയും അസൂയപ്പെടുകയും ചെയ്യുക ."അധികമാധികമായും മറ്റുള്ളവരെ കവച്ചു വച്ചും ഭൌതിക നേട്ടങ്ങള്‍ ആര്‍ജിക്കാനുള്ള ആര്‍ത്തി നിങ്ങളെ പ്രജ്ഞാശൂന്യരാക്കിയിരിക്കുന്നു .നിങ്ങള്‍ ശവക്കുഴിയിലെത്തുവോളം അതേ വ്യഗ്രതയിലായിരിക്കും "(അത്തകാസുര്‍ 1 ,2  ) 

ധനം ആര്‍ജിച്ചാല്‍ പിന്നെ മനുഷ്യന്‍റെ നോട്ടം പ്രശസ്തിയിലേക്കാണ് ,.പേരും പെരുമയും ആഗ്രഹിക്കാത്തവരില്ല ,കീര്‍ത്തി ,ബഹുമാനം ,ആദരവ് ഇതില്‍ വീണു പോകാത്തവരും ഇഷ്ടപ്പെടാത്തവരും  ഇല്ല .സ്വാഭാവികമായ പരിതസ്ഥിതിയില്‍ ജീവിത രീതികളാലും,ചിന്താഗതിയാലും ,കര്‍മവിശുദ്ധിയാലും  ആഗ്രഹിച്ചില്ലെങ്കിലും പലരെയും പ്രശസ്തി  തേടി എത്തുന്നു .എന്നാല്‍ ബുദ്ധിമാന്‍ പ്രശസ്തിക്കു നിയന്ത്രണങ്ങള്‍ വയ്ക്കുന്നു .ചില മനുഷ്യര്‍  പ്രശസ്തി  ലഭിക്കാന്‍ എന്ത് പേക്കൂത്ത് നടത്താനും തയ്യാറാകുന്നു .അത് അവസാനം മറുതലയായ കുപ്രസിദ്ധിയില്‍ കലാശിക്കുന്നു .


ശൈശവം മുതലേ ഒരു വ്യക്തി ആഗ്രഹിക്കുന്നതാണ് അംഗീകാരം .ഒരു വ്യക്തിയുടെ ആരോഗ്യകരമായ വളര്‍ച്ചയില്‍ അംഗീകാരത്തിനു ചെറുതല്ലാത്ത പങ്കുണ്ട് .അംഗീകാരത്തിന്‍റെ കുറവ് കഴിവുകളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും .അംഗീകാരം ലഭിക്കാത്ത വ്യക്തികള്‍ മോശമായ മാര്‍ഗത്തിലൂടെ അംഗീകാരം നേടാന്‍ ശ്രമിച്ചേക്കും .സമൂഹത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കുട്ടികള്‍ ചിലപ്പോള്‍ തെറ്റു ചെയ്യാറുണ്ട് .ഈ സ്വഭാവം പിന്നീട് വന്‍കുറ്റവാളികളെ സൃഷ്ട്ടിക്കുന്നു. പ്രശംസ കിട്ടാത്തതിനാല്‍ പലരും ജോലി ഉപേക്ഷിച്ചു പോകാറുണ്ട് .പല കുടുംബകലഹങ്ങളുടെയും പിന്നില്‍ കുടുംബാംഗങ്ങള്‍ പരസ്പരം അംഗീകാരം നല്‍കാത്തതാണ് കാരണമെന്ന് കാണാം .അംഗീകാരത്തി ന്‍റെയും വെറുപ്പി ന്‍റെയും എല്ലാം പ്രഭവ സ്ഥാനം മനസ്സാണ് .ദാന ധര്‍മങ്ങളിലുംപുണ്യ പ്രവര്‍ത്തികളിലും മനസ്സിന്‍റെ  നിലപാടുകള്‍ക്കാണ് പ്രാധാന്യവും പ്രാഥമ്യവുമുള്ളത്.കേവല ഭൌതിക പ്രശസ്ത്തിക്ക് വേണ്ടി പ്രദര്‍ശന വ്യഗ്രതയോടെ  ചെയ്യപ്പെടുന്ന കര്‍മങ്ങള്‍ പ്രതിഫലാര്‍ഹമാകില്ലെന്നു മാത്രമല്ല പാപപങ്കിലവും, കുറ്റകരമാകുകയും  ചെയ്യും .സത്യ വിശ്വാസി സല്‍കര്‍മങ്ങള്‍ അനുഷ്ട്ടിക്കുകയും തമ്പുരാന്‍ തന്‍റെ കര്‍മങ്ങള്‍ സ്വീകരിക്കുമോ എന്നാശങ്കിക്കുകയും ചെയ്യുന്നു .എന്നാല്‍ കപട വിശ്വാസിയാകട്ടെ ,തെറ്റുകുറ്റങ്ങളില്‍ നിരതനാകുകയും തമ്പുരാന്‍ മാപ്പാക്കും എന്ന അമിത പ്രതീക്ഷയിലും ലാഘവ നിലപാടിലും കഴിഞ്ഞു കൂടുകയും ചെയ്യുന്നു.മനസ്സിനെ കളങ്ക മുക്തമാക്കാതെയുള്ള ഏത് പ്രവര്‍ത്തനവും അഭ്യാസമായേ കലാശിക്കൂ,ഭൌതികമായ പ്രശസ്ത്തിയും മറ്റു ഫലങ്ങളും ഉണ്ടാവുമെങ്കിലും യാതൊരു വിധ ആത്മീയ മൂല്യവും അത് പ്രദാനം ചെയ്യുന്നില്ല . 

പ്രശസ്തിക്ക്     പിന്നാലെ പരക്കം പായുന്നവരില്‍ കലാകാരന്മാരും ,രാഷ്ട്രീയക്കാരും ,ശാസ്ത്രഞ്ജരും ,വ്യവസായ പ്രമുഖരും ആരും പുറകിലല്ല. പതിനായിരം രൂപയുടെ പ്രശസ്തി പത്രവും പൊന്നാടയും ലഭിക്കാന്‍ ലക്ഷങ്ങള്‍ ചിലവഴിക്കാന്‍ ഇവര്‍ക്ക് മടിയില്ല .ഫാന്‍സ്‌ അസോസിയേഷന്‍ രൂപീകരിച്ചു താരങ്ങള്‍ വിലസുമ്പോള്‍ കവലകള്‍ തോറും അനുമോദന യോഗങ്ങള്‍ നടത്താന്‍ ലക്ഷങ്ങള്‍ പൊടിക്കുന്നു ചില വ്യവസായ പ്രമുഖര്‍ .തങ്ങളുടെ തിളക്കം നഷ്ട്ടപെട്ടാല്‍ കൊഴിഞ്ഞു പോകുന്നതാണ് ഇവരുടെ പ്രശസ്തി.

പ്രശസ്തിയുടെ ഔന്നത്യത്തിലും വിനീതരാകുന്നവര്‍ ,അവരാകുന്നു വിജയികള്‍.കായ്ഫലമുള്ള ചില്ല വളഞ്ഞു കൊടുക്കുനത് നിങ്ങള്‍ കണ്ടിട്ടില്ലേ ? 
റസൂല്‍ തിരുമേനി (സ )നിര്യാണം ഹി :11 ല്‍ റബീഉല്‍അവ്വല്‍ 12 നാണ് നടന്നത് .അദ്ദേഹം രോഗശയ്യയിലായിരിക്കുമ്പോള്‍  നിര്യാണത്തിനു കേവലം രണ്ടാഴ്ചക്കു മുമ്പ് തിരുമേനിയുടെ നിര്‍ദേശ പ്രകാരം റോമാക്കാരുമായി യുദ്ധം ചെയ്യാന്‍ ഒരു മുസ്ലിം സേന തയ്യാര്‍ ചെയ്യപ്പെട്ടു .അതിന്‍റെ സേനാനായകനായി ഒരു അടിമയുടെ പുത്രനായ പതിനേഴു വയസ്സ് മാത്രമുള്ള ഉസാമാതുബ്നുസൈദിബ്നുഹാരിസ(റ )
യേ      നിയോഗിച്ചു .ഉസാമ (റ )വിന്‍റെ സൈന്യം സിറിയയിലേക്ക് നീങ്ങി ,അവിടെക്കടുത്ത മുഅത്തയില്‍ മുമ്പ് റോമാക്കാരും ,മുസ്ലിംകളും ഏറ്റുമുട്ടിയപ്പോള്‍ തന്‍റെ പിതാവ് സൈദി(റ )നേ റോമാക്കാര്‍ കോലചെയ്തതിന്‍റെ പ്രതികാരാഗ്നി ഉസാമ (റ )ആളികത്തുന്നതിനാല്‍ ആ സേനാനായക സ്ഥാനത്തിനു സര്‍വാത്മനാ യോജിച്ചവനായിരുന്നു ഉസാമ (റ ).റസൂല്‍ (സ )യുടെ ആജ്ഞ അനുസരിച്ച് നീങ്ങിയ ഉസാമ (റ )സൈന്യം മദീനയില്‍ നിന്നും ഒരു ഫര്‍സഖ്  അകലെ ജുര്‍ഫില്‍ ക്യാമ്പ് ചെയ്യവേ നബി തിരുമേനി (സ)നിര്യാതനായി .മരണവാര്‍ത്തയറിഞ്ഞ സേനാംഗങ്ങള്‍ റസൂല്‍ തിരുമേനി (സ )യുടെ ജനാസയില്‍ പങ്ക് കൊള്ളാനായി മദീനയിലേക്ക് മടങ്ങി .സ്വഹാബാക്കളുടെ യോജിച്ച തീരുമാനത്തിന്‍ പ്രകാരം അബൂബക്കര്‍ സിദ്ദിഖ് (റ )ഖലീഫയായി തിരഞ്ഞെടുക്കപെട്ടു .അതിനു ശേഷം മുസ്ലിംകളുടെ പൊതുവായ അഭിപ്രായം ഉസാമ (റ )യുടെ സൈന്യത്തെ മദീനയില്‍ തന്നെ നിര്‍ത്തണമെന്നായിരുന്നു.റസൂല്‍ തിരുമേനിയുടെ മരണശേഷം അറബ് പ്രദേശങ്ങളില്‍ കപടവിശ്വാസികളുടെ നേതൃത്വത്തില്‍ വളര്‍ന്നു വന്ന കുഴപ്പം മൂലം എല്ലായിടത്തും അരക്ഷിതാവസ്ഥ യായിരുന്നു .മദീനയിലെ പുതിയ ഇസ്ലാമിക സ്റ്റേറ്റിന്‍റെ ആഭ്യന്തരാന്തരീക്ഷം ഭദ്രമാക്കിയ ശേഷമാകാം പുറം രാജ്യങ്ങളിലേക്കുള്ള ശ്രദ്ധ എന്നായിരുന്നു സ്വഹാബിമാരുടെ പൊതു അഭിപ്രായം .

പക്ഷെ  അബൂബക്കര്‍ സിദ്ധിഖ് (റ )ഇതിനോട് യോജിച്ചില്ല .അദ്ദേഹം ഇങ്ങിനെ പ്രസ്താവിച്ചു . "അല്ലാഹുവിന്‍റെ ദൂതന്‍ നിയോഗിച്ച ഒരു സേനാവ്യൂഹത്തെ തളച്ചിടാന്‍ എനിക്കാവില്ല .ദൈവം തന്നെ സത്യം !പക്ഷികള്‍ നമ്മെ റാഞ്ചി എടുത്താലും ,വന്യ ജന്തുക്കള്‍ നമുക്ക് ചുറ്റും ആക്രമണമഴിച്ചു വിട്ടാലും ,പ്രവാചക പത്നിമാരുടെ പാദങ്ങള്‍ നായകള്‍ കടിച്ചു കൊണ്ട് പോയാലും ശരി ,ഞാന്‍ ഉസാമ (റ )യുടെ സൈന്യത്തെ നിയോഗിക്കുക തന്നെ ചെയ്യും ."

തന്‍റെ  നിലപാടിന്‍റെ പ്രസക്തി ജനങ്ങളെ ബോധ്യപ്പെടുത്താനായി അബൂബക്കര്‍ സിദ്ദിഖ് (റ ) മദീനയില്‍ നിന്നു 'ജു൪ഫ്' വരെ ഉസാമ (റ)യേ അനുഗമിച്ചു .ഉസാമ (റ )കുതിരപ്പുറത്തും അബൂബക്കര്‍ സിദ്ദിഖ് (റ )കാല്‍നടയായും  യാത്ര തുടര്‍ന്നു.ഉസാമ (റ ) എത്ര നിര്‍ബന്ധിച്ചിട്ടും സിദ്ദിഖ് (റ )കുതിരപ്പുരത്തു കയറാന്‍ കൂട്ടാക്കിയില്ല .

'അലാഹു തന്നെ സത്യം ! ഞാന്‍ കുതിരപ്പുറത്ത് കയറുകയില്ല .അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ എന്‍റെ പാദങ്ങള്‍ പൊടിപുരളുന്നതില്‍ എനിക്ക് ഒട്ടും വിഷമമില്ല' എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം .       






പ്രശസ്തിയും .ധനവും ആയാല്‍ ചിലരുടെ നോട്ടം അധികാര സ്ഥാനങ്ങളിലേക്കാണ് .പണ്ട് രാജ ഭരണ കാലത്ത് രാജാക്കന്മാര്‍ ദൈവത്തി ന്‍റെ പ്രതിപുരുഷന്മാരായി സ്വയം കരുതി പോന്നിരുന്നു .രാജഭരണത്തില്‍ പ്രജകളെ ഭരിക്കാനുള്ള അവകാശം രാജ പരമ്പരകളില്‍ നിക്ഷിപ്തമായിരുന്നു .ആധുനിക കാലഘട്ടത്തില്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ അധികാരം ജനങ്ങളിലേക്ക് പകര്‍ന്നു നല്‍കി .ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങളില്‍ നിന്നു ജനങ്ങളാല്‍ തിരഞ്ഞെടുക്കുന്ന ഭരണാധികാരികള്‍ .കേവലം  ഒരു പഞ്ചായത്ത്‌ മെമ്പറോ, മറ്റോ ആയാല്‍ പോലും തങ്ങള്‍ക്കു ലഭിച്ച അധികാര സ്ഥാനം കൈവിടാന്‍ ഇന്ന് പലരും തയാറല്ല .തന്‍റെ കസേര  ഉറപ്പിക്കാന്‍ എന്ത് കരിങ്കാലിപ്പണി ചെയ്യാനും അവര്‍ തയ്യാറാകുന്നു .ജനങ്ങളെ സേവിക്കാന്‍ നിയുക്തരായ ,ജനങ്ങളുടെ നികുതിപ്പണം തിന്നുന്ന വെള്ളാനകളായ ഉദ്യോഗസ്ഥ വൃന്ദം ,അധികാര സ്ഥാനങ്ങളിലിരുന്നു സാധാരണക്കാരെ ചുവപ്പുനാടയില്‍ കുരുക്കി നെട്ടോട്ടം ഓടിക്കുന്നു .നീതി നടപ്പാക്കേണ്ട നിയമ പാലകരും ,നിയമ വ്യവസ്ഥയും കൈക്കൂലിയുടെ നീരാളിപിടുത്തത്തില്‍ അമരുന്നു .

അധികാരം മദത്തിന്‍റെയും അധികാരഭംഗം മോഹഭംഗത്തിന്‍റെയും ലോകമാണ് .പ്രശ്ന പരിഹാരവും കാര്യ സാധ്യവും തങ്ങളുടെ കൈപ്പിടിയില്‍ ഒതുങ്ങിയാല്‍ ഇവ൪ നില മറന്നു അഹങ്കരിക്കുന്നു . അധികാരത്തില്‍ അള്ളിപ്പിടിച്ചിരുന്നു ഭരിച്ചു മുടിപ്പിക്കുന്നവരെ നിങ്ങള്‍ ചിന്തിക്കൂ .ഈ അധികാരത്തില്‍ നിന്നു മാറിയാല്‍ നിങ്ങളുടെ ചെയ്തികളാല്‍ നിങ്ങളെ  ആര് ബഹുമാനിക്കാന്‍ .തൊപ്പിയില്ലാത്ത കൈക്കൂലികാരനായ പോലീസും ,ഭരണമില്ലാത്ത അഴിമതിക്കാരനായ  നേതാവും പരിഹാസ കഥാപാത്രങ്ങളാണ് .മൃഗ രാജാവായ സിംഹത്തിനു ഒരു വിധിയുണ്ട് ,ആയ കാലത്ത് ലോകം മുഴുവന്‍ വിറപ്പിച്ചവന്‍ ,ഈ വീരശൂരപരാക്രമി  വയസ്സായി കിടപ്പിലാകുമ്പോള്‍ -ചെറിയ കാട്ടുജന്തുക്കള്‍ കയറിയിരുന്നു ശരീരത്തിന്‍റെ ഓരോ ഭാഗമായി കടിച്ചു തിന്നും ,ഒന്നും ചെയ്യാനാകാതെ കണ്ണീരൊലിപ്പിച്ചു  ,മുന്‍ കാലത്തിന്‍റെ മുതലും പലിശയും ഏറ്റുവാങ്ങി എന്നെന്നേക്കുമായി നാടുനീങ്ങുന്നു ഈ ഗജരാജന്‍  .മാലോകരുടെ ഭരണകര്‍ത്താക്കളായി  അധികാരത്തില്‍ കയറിക്കൂടി കയ്യിട്ടുവാരി സമ്പാദിച്ചതൊന്നും ഒരു ചക്രവര്‍ത്തിയും കൂടെ കൊണ്ട് പോയിട്ടില്ല .ഏറിയാല്‍ നിങ്ങള്‍ക്കു ലഭിക്കുക കാക്കയെ ഓടിക്കാന്‍ ആകാശത്തേക്ക് മൂന്നു റൌണ്ട് കതിനാവെടി മാത്രം .

നിങ്ങള്‍ സാമൂഹിക പുരോഗതിക്കു വേണ്ടി നിങ്ങള്‍ നിങ്ങളുടെ അധികാരത്തെ ബലി നല്‍കുക .നാടി ന്‍റെ നന്മക്കു വേണ്ടി നിങ്ങള്‍ ഐക്യപ്പെടുക .മനുഷ്യരായാല്‍ സദാ അഭിപ്രായാന്തരങ്ങള്‍ കാണപ്പെടുന്നു .യദാര്‍ത്ഥത്തില്‍  അഭിപ്രായ ഭിന്നത നിലനില്‍ക്കെ തന്നെ യോജിച്ചു നീങ്ങുന്നതിന്‍റെ പേരാണ് ഐക്യം .അതല്ലാതെ അഭിപ്രായ ഭിന്നതയില്ലാതെ യോജിക്കുന്നതിന്‍റെ  പേരല്ല .അഭിപ്രായാന്തരമുണ്ടായാലും 'ഐക്യപ്പെടുക 'എന്നത് സമകാലിക ലോകത്ത് ഒരാള്‍ക്ക്‌ നിര്‍വഹിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ 'ബലിയര്‍പ്പണമാണ്‌.മറ്റുള്ളവര്‍ക്കായി സ്വന്തം നഷ്ടം ക്ഷമിക്കുയെന്ന മഹത്തായ ഔദാര്യമാണ്‌ ഈ 'ബലിയര്‍പ്പ'ണത്തിനു ആവശ്യം .സ്വന്തം പരാധീനതകള്‍ക്കെല്ലാം അതീതമായി മറ്റുള്ളവരുടെ ഔന്നത്യം അംഗീകരിക്കുന്ന വലിയ മനസ്സാണിതിനു വേണ്ടത് .മറ്റുള്ളവരെ അപേക്ഷിച്ച് സ്വന്തത്തെ കൊച്ചാക്കി കാണാന്‍ തയ്യാറുള്ള മനസ്സ് .സ്വന്തം അഭിപ്രായം വലുതാക്കി കാണുന്നതോടൊപ്പം തന്നെ മറ്റുള്ളവരുടെ അഭിപ്രായങ്ങളെ കരുതി സ്വന്തം അഭിപ്രായം പിന്‍വലിക്കാനുള്ള ഉന്നതമായ മനക്കരുത്ത് .മറ്റുള്ളവരെ മുന്‍ സീറ്റിലിരുത്തി സ്വയം പിന്‍ സീറ്റിലേക്ക് മാറിയിരിക്കാനുള്ള ആ ആര്‍ജവം അതാണ്‌  യദാര്‍ത്ഥത്തില്‍  ഈ ബലിയര്‍പ്പണം .

മുഹമ്മദ്‌ നബി (സ) മരണ ശേഷം ഇസ്ലാമിക പ്രബോധനം ഒന്നാം ഖലീഫയുടെ ശ്രമ ഫലമായി ഏഷ്യമുതല്‍ യൂറോപ്പും ,ആഫ്രിക്കയും അടങ്ങുന്ന വിശാല ഭൂപ്രദേശത്ത്‌ വ്യാപ്ര്തമായി. നീണ്ട ഇരുപതു വര്‍ഷക്കാലം നീണ്ടുനിന്ന ഇസ്ലാമിക പ്രബോധനം ഐക്യത്തോടും യോജിപ്പോടും കൂടി നീങ്ങിയതിനാലാണ് ,യുദ്ധങ്ങളിലൂടെ റോമന്‍ സാമ്രാജ്യവും ,പേര്‍ഷ്യന്‍ സാമ്രാജ്യവും ,യുദ്ധമില്ലാതെ തന്നെ അബ്സീനിയ .മാലദ്വീപ് .മലേഷ്യ ,ഇന്തോനേഷ്യ തുടങ്ങിയ ഇടങ്ങളില്‍  പ്രച്ചരിപ്പിക്കപെട്ടതും ഇന്ന് കാണുന്ന വിശാലമായ അറബ് രാജ്യങ്ങളെല്ലാം മുസ്ലിം രാജ്യങ്ങളായി മാറിയതും .ഈ ഐക്യം തകരുന്നത് മൂന്നാം ഖലീഫ ഉസ്മാന്‍ (റ )വിന്‍റെ  അന്ത്യ ഘട്ടത്തിലാണ് .ഇസ്ലാമിക പ്രബോധനത്തില്‍ നിന്നും വഴി മാറി ആഭ്യന്തര രംഗത്തേക്കും ,രാഷ്ട്രീയ രംഗത്തേക്കും ഗതിമാറി സ്വന്തം ഭരണാധിപനായ ഖലീഫയെ വധിക്കുന്നതിലേക്ക് വരെ എത്തിപ്പെട്ടു അനൈക്യം .ഇസ്ലാമി ന്‍റെ പേരില്‍ യോജിക്കുകയും ഐക്യപ്പെടുകയും ചെയ്തിരുന്ന മുസ്ലിംകള്‍ ,നീണ്ട പത്തു വര്‍ഷക്കാലം ഇസ്ലാമിക പൊതു പ്രബോധന പദ്ധതിയില്‍  നിന്നും പിന്മാറി തങ്ങളുടെ ശക്തി പരസ്പര സംഘട്ടനത്തിനും സംഹാരത്തിനും ഉപയോഗിച്ചു. 

ഏകദേശം പത്തു വര്‍ഷക്കാലത്തെ അനൈക്യത്തിനും ശൈഥില്യത്തിനും  ശേഷം ഹി :41 ല്‍ മുസ്ലിംകള്‍ വീണ്ടും ഐക്യപ്പെട്ടു .അക്കാരണത്താല്‍ ആ വര്‍ഷത്തിനു 'ഐക്യത്തിന്‍റെ വര്‍ഷം ' എന്ന് ഇസ്ലാമിക ചരിത്രത്തില്‍ പേര് വന്നു .ഹസനുബ്നു അലി (റ )യിലൂടെയാണ് മുസ്ലിംകളില്‍ ഈ പുനരൈക്യം സംജാതമായത് .ഹസന്‍ (റ )വിനെ കുറിച്ചു റസൂല്‍ തിരുമേനി ഇപ്രകാരം പ്രവചിച്ചിരുന്നു .  "എന്‍റെ ഈ മകന്‍ നേതാവാണ്‌ ,ഇദ്ദേഹത്തിലൂടെ മുസ്ലിംകളിലെ രണ്ട് മഹാ വിഭാഗങ്ങളെ അല്ലാഹു യോജിപ്പിച്ചേക്കാം"(ബുഖാരി )

ഹസ്സന്‍ (റ )തന്‍റെ പിതാവ് ഹസ്രത്ത്‌ അലി (റ )ക്കു ശേഷം അഞ്ചാം ഖലീഫയായി നിര്‍ണയിക്കപ്പെട്ടിരുന്നു .പക്ഷെ ഖിലാഫത്ത് പ്രശ്നം മുസ്ലിംകള്‍ക്കിടയില്‍ പരസ്പര യുദ്ധത്തിന്‍റെ കാരണമായി കലാശിച്ചിരിക്കുകയാണെന്ന് കണ്ട അദ്ദേഹം മുസ്ലിംകളുടെ അനൈക്യം അവസാനിപ്പിക്കാന്‍  തന്‍റെ സ്ഥാനം 'ബലിയര്‍പ്പണം ' നടത്തി ഏക പക്ഷീയമായി ആ അവകാശത്തില്‍ നിന്നും സ്വയം രാജി വെക്കുകയുണ്ടായി .മുസ്ലിംകള്‍ രണ്ട് വിഭാഗങ്ങളായി 
ച്ചിദ്രിച്ചിരിക്കുകയായിരുന്നു  അപ്പോള്‍ .ഒന്നിന്‍റെ തലപ്പത്ത് ഹസ്സന്‍ (റ ) മറുപക്ഷത്തിന്‍റെ നേതൃ സ്ഥാനത്തു മുആവിയ (റ )യും .ഹസ്സന്‍ (റ )ഖിലാഫത്ത് അധികാരം വേണ്ടെന്നു വെച്ചതോടെ ,മഞ്ഞുരുകുകയും ഇസ്ലാമിക പ്രബോധന രംഗത്തേക്ക് മുസ്ലിം ജനതയുടെ  ശ്രദ്ധ തിരിയുകയും ചെയ്തു . മുആവിയ(റ )യുടെ ഖിലാഫത്തിന്‍റെ ഇരുപതു വര്‍ഷക്കാലത്തിനിടയില്‍ ഇസ്ലാമിക പ്രബോധനം പില്കാലങ്ങളിലില്ലാത്തയത്ര  വിശാലമായ തോതില്‍ അരങ്ങേറി .ഒരു വശത്ത്‌ സമര്‍ഖന്തിലും മറു വശത്ത്‌ അഫ്ഗാനിലും മറ്റൊരു വശത്ത്‌ കോണ്‍സ്റ്റാന്റ്റിനേപ്പിളിന്‍റെ
കവാടത്തിലും വരെ ഇസ്ലാമിക പ്രബോധനം എത്തി .കിഴക്കും പടിഞ്ഞാറും തെക്കും വടക്കുമെല്ലാം ഇസ്ലാം വ്യാപിച്ചു .ഹസന്‍ (റ ) ബലിയര്‍പ്പണമായ അധികാര ത്വജനത്തിലൂടെ   സംജാതമായ അനുരഞ്ജനം മുതലെടുത്ത്‌ ,വരണ്ട ഭൂമി കടന്നു കടലിലൂടെ ഇസ്ലാമിക പ്രബോധക സംഘങ്ങള്‍ സഞ്ചാരം തുടങ്ങി .

 മുആവിയ (റ)യുടെ മരണ ശേഷം ബനുആഷിമും ബനു  ഉമയയ്യും     തമ്മില്‍ സംഘട്ടനമായി ,അതിനെ തുടര്‍ന്നു തുടങ്ങിയ അനൈക്യം കഴിഞ്ഞ ആയിരം വര്‍ഷത്തോളമായി ഇസ്ലാമിന്‍റെ പ്രബോധനപ്രവ൪ത്തനങ്ങളില്‍ ഗതിഭ്രംശം സംഭവിച്ചു സങ്കുചിതമായ കക്ഷിവഴക്കുകളിലും ,ചേരിതിരിവുകളിലും  മുഴുകി നശിച്ചു കൊണ്ടിരിക്കുകയാണ് .ഇസ്ലാമിക രാഷ്ട്രങ്ങള്‍ സ്ഥാപിതമാക്കുകയും  ,മരുഭൂമികളില്‍ പോലും സാമ്പത്തിന്‍റെ  എണ്ണ ഉറവകള്‍ ഒഴുക്കി സമ്പന്നമാക്കുകയും,പ്രശസ്തരും പ്രതിഭാ ശാലികളും ആയ ഭരണാധികാരികകളെ  നല്‍കുകയും , ലോകം നിയന്ത്രിക്കാവുന്ന വൈജ്ഞാനികരെയം  സമ്പന്നരെയു  തന്നിട്ടും കണ്ണ് തുറക്കാത്ത സമൂഹമേ ,നാളെ അല്ലാഹുവിന്‍റെ കോടതിയില്‍ നാം ഓരോരുത്തരും ഇതിനു ഉത്തരം പറയേണ്ടി വരും .ഈ ലോകത്ത് നടക്കുന്ന ആഭ്യന്തര സംഘട്ടനങ്ങള്‍ ഇസ്ലാമി ന്‍റെ പേരിലാണ് അരങ്ങേറുന്നതെങ്കിലും ,വിജ്ഞാനം ആര്‍ജിച്ചു പ്രബുദ്ധരാകാന്‍ ആദ്യ ഉല്‍ബോധനം ലഭിച്ച ജനത മറ്റു സംസ്കൃതികളുടെ  കയ്യിലെ കളിപ്പാട്ടങ്ങളായി അധപതിച്ചു   സ്വയം നശിച്ചു കൊണ്ടിരിക്കുകയ്യാണ് .വാസ്തവത്തില്‍ അല്ലാഹുവിന്‍റെ  ഈ  ഭൂമിയില്‍ ഇതിലേറെ അനിസ്ലാമികമായ കാര്യം വേറെയില്ല   

ഫൈസല്‍  ബക്കര്‍ പള്ളിമുറ്റത്ത്  



No comments:

Post a Comment